'ആരും അമ്മ വിട്ട് പോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവയ്ക്കും'; പ്രതികരണവുമായി മോഹൻലാൽ

Friday 15 August 2025 11:25 AM IST

കൊച്ചി: താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വോട്ട് ചെയ്യാനെത്തി മുൻ പ്രസിഡന്റ് മോഹൻലാൽ. നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ഇന്ന് തിരഞ്ഞെടുക്കുന്ന പുതിയ കമ്മിറ്റിക്ക് നല്ല രീതിയിൽ സംഘടനയെ നയിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു.

'അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ അമ്മയെ മുന്നോട്ടുകൊണ്ടുപോകും. ആരും ഇതിൽ നിന്ന് വിട്ട് പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസം'- വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ പ്രതികരിച്ചു. അമ്മയെ കണ്ടശേഷം ഉച്ചയ്ക്കുള്ള വിമാനത്തിൽ ചെന്നൈയിലേക്ക് പോകുമെന്നും മോഹന്‍ലാൽ കൂട്ടിച്ചേർത്തു.

സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ അമ്മ തിരഞ്ഞെടുപ്പെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നിർമാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പ് പോലെ എല്ലാവർക്കും സ്വീകാര്യമായവർ ഇവിടെയും തിരഞ്ഞെടുക്കപ്പെടും. വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. വൈകിട്ട് നാല് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. 233 വനിതാ അംഗങ്ങൾ ഉൾപ്പെടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം.

ദേവനും ശ്വേതാ മേനോനുമാണ് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ സംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാ അരവിന്ദ്, അഞ്ജലി നായർ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.