പത്രിക തളളിയതിൽ ബോധപൂർവമായ നീക്കമെന്ന് ജോയ് മാത്യു, നയിക്കാൻ വനിതകൾ വരട്ടെയെന്ന് ധർമ്മജൻ; വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്

Friday 15 August 2025 12:20 PM IST

കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും. വൈകിട്ട് നാലുമണിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. അമ്മയുടെ മുൻ പ്രസിഡന്റ് മോഹൻലാലും മറ്റ് താരങ്ങളും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. ഇതിനിടയിൽ താരങ്ങളുടെ ഭാഗത്ത് നിന്ന് വിവിധതരത്തിലുളള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്.

നടൻ ജോയ് മാത്യു തിരഞ്ഞെടുപ്പിനെക്കുറിച്ച് വിമർശനാത്മകമായ രീതിയിലാണ് പ്രതികരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക തള്ളിയതിന് പിന്നിൽ ബോധപൂര്‍വ്വമായ നീക്കമുണ്ടെന്നാണ് ജോയ് മാത്യു പറഞ്ഞത്. പത്രിക തള്ളിയതിലെ കാര്യങ്ങൾ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും അദ്ദേഹം അറിയിച്ചു.

അമ്മയിൽ ഒരിക്കലും ഒരു പൊട്ടിത്തെറി ഉണ്ടാവില്ലെന്നാണ് നടനും മത്സരാർത്ഥിയുമായ രവീന്ദ്രന്റെ പ്രതികരണം. പൊട്ടിത്തെറി ഉണ്ടാവുമോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയോ എന്ന മറുചോദ്യവും അദ്ദേഹം തിരിച്ചുചോദിച്ചു. എല്ലാവരിൽ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ട്. വിജയിക്കുമെന്ന് തന്നെയാണ് ഉറച്ച പ്രതീക്ഷ. വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ വേർതിരിവില്ല. ഞങ്ങളെല്ലാവരും ഒരു കുടുംബമാണെന്നും അദ്ദേഹംപ്രതികരിച്ചു.

ഇത്ര വലിയ ആരോപണ പ്രത്യാരോപണങ്ങൾ ഇതാദ്യമാണെന്നും ഇങ്ങനെയൊക്കെ ഉണ്ടെന്ന് നേരത്തെ അറിഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലായിരുന്നുവെന്നാണ് നടൻ നാസർ ലത്തീഫിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷവും സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ആദ്യമായി മത്സരിക്കുന്നതിന്റെ ത്രില്ലിലാണെന്നുമായിരുന്നു നടി സജിത ബേട്ടിയുടെ പ്രതികരണം.

നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നും അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടൻ ധർമ്മജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ നേതൃത്വം വരുന്നത് നല്ലതാണ്. വിവാദങ്ങൾ ഒരു വഴിക്ക് നടക്കും. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, അമ്മയിലെ തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുളള മത്സരമല്ലെന്നായിരുന്നു നടിയും മത്സരരംഗത്തുളള ലക്ഷ്മിപ്രിയയുടെ പ്രതികരണം. അമ്മ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. അത് ആരും അറിയുന്നില്ല. എല്ലാം ജനങ്ങളിലേക്ക് എത്തിക്കണമെന്നും അവർ പറഞ്ഞു.