വ്യാജ രേഖകൾ ചമച്ചത് പൊലീസിനുള്ളിൽ നിന്ന്; ഭാര്യയുടെ പിതാവ് നൽകിയ ഭൂമിയിലാണ് വീട് നിർമാണം നടക്കുന്നതെന്ന് അജിത്‌ കുമാറിന്റെ മൊഴി

Friday 15 August 2025 12:32 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ ഡി ജി പി എം ആർ അജിത്‌ കുമാറിന്റെ മൊഴി പുറത്ത്. തനിക്കെതിരെ വ്യാജ രേഖകൾ ചമച്ചത് പൊലീസിനുള്ളിൽ നിന്നാണെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് അദ്ദേഹം വിജിലൻസിന് നൽകിയ മൊഴി.

തനിക്കെതിരായ ആരോപണത്തിന് പിന്നിൽ മുൻ എം എൽ എ പി വി അൻവറിന് വഴങ്ങാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് അൻവറുമായി സംസാരിച്ചത്. സംശയങ്ങൾ ദുരീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഭാര്യയുടെ പിതാവ് നൽകിയ ഭൂമിയിലാണ് വീട് നിർമാണം നടക്കുന്നത്. അല്ലാതെ ഫ്ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും അജിത്‌ കുമാറിന്റെ മൊഴിയിലുണ്ടെന്നാണ് വിവരം.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത്‌ കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി ഇന്നലെ രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു. വിജിലൻസ് വകുപ്പിന്റെ തലവൻ മുഖ്യമന്ത്രിയാണെങ്കിലും അന്വേഷണത്തിൽ ഒരു ഘട്ടത്തിലും ഇടപെടാൻ കഴിയില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണം. ശരിയായ ദിശയിൽ അന്വേഷിച്ചാലേ സത്യം പുറത്തുവരൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്ലീൻചിറ്റ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചെന്ന വിജിലൻസിന്റെ പരാമർശത്തെയും കോടതി വിമർശിച്ചു. അന്വേഷണ റിപ്പോർട്ട് മറിച്ചായിരുന്നെങ്കിൽ ഭരണനേതൃത്വം അംഗീകരിക്കുമായിരുന്നോ എന്നും ചോദിച്ചു. നിയമ സംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റവിമുക്തനാക്കുന്നതും. അതിൽ ഭരണത്തലവനോ രാഷ്ട്രീയക്കാർക്കോ ഇടപെടാനാവില്ല. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂർണവുമാവില്ലെന്നും വിജിലൻസ് കോടതി ജഡ്ജി എം മനോജ് വ്യക്തമാക്കിയിരുന്നു.

തെളിവുണ്ടെന്ന് കോടതി

 ഭാര്യാസഹോദരൻ 22 ദിവസം മുൻപ് 34 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റ് 22 ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് അജിത് കുമാറിന് വിറ്റതിൽ ദുരൂഹതയുണ്ട്.

 ആര് പണം നൽകിയിട്ടാണ് ഭാര്യാ സഹോദരൻ ഫ്‌ളാറ്റ് വാങ്ങിയതെന്ന് അന്വേഷിച്ചില്ല.

 ബിനാമി നിരോധന നിയമവും കള്ളപ്പണ നിരോധന നിയമവും ചുമത്താനാവുന്ന തെളിവുകളുണ്ടായിട്ടും അന്വേഷിച്ചില്ല.

അജിത് കുമാർ പറഞ്ഞത് മാത്രം വിശ്വസിച്ച് അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. സത്യം അന്വേഷിക്കാൻ വിജിലൻസ് മുതിർന്നില്ല.

അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും വരവ് ചെലവ് പരിശോധിച്ചില്ല. ഭൂമിവിവരങ്ങൾ എല്ലാവർഷവും സർക്കാരിന് നൽകുന്നതും പരിശോധിച്ചില്ല.

കുറ്റാരോപിതന്റെയും അദ്ദേഹത്തെ അനുകൂലിച്ചവരുടെയും മൊഴിയെടുക്കാനുള്ള ആവേശം പരാതിക്കാരനെ കേൾക്കാൻ വിജിലൻസ് കാട്ടിയില്ല.

 നീതിയുക്തമായ അന്വേഷണമല്ലിത്. നടപടികൾ നിയമവിധേയമല്ലാത്തതിനാൽ റിപ്പോർട്ട് അംഗീകരിക്കാനാവില്ല.

പരാതിക്കാരൻ ആരോപണം തെളിയിക്കാനുള്ള രേഖകൾ നൽകിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

 അന്വേഷണ ഉദ്യോഗസ്ഥൻ അതിന് അവസരം നൽകിയില്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

എട്ടുകോടിയുടെ ഭൂസ്വത്ത് അജിത്തിനും ഭാര്യയ്ക്കും തൃശൂരിലും തിരുവനന്തപുരത്തുമായി ആറ് ആധാരങ്ങളിലായി എട്ട് കോടിയിലേറെ മൂല്യമുള്ള 80.21സെന്റ് ഭൂമിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ വീടിന്റെ നിർമ്മാണചെലവ് 3.58 കോടിയാണ്. 1.5കോടി എസ്.ബി.ഐയിൽ വായ്പയുണ്ട്.