കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് കൈവശമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

Friday 15 August 2025 12:41 PM IST

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് വിതരണം മുടങ്ങി. പുതിയ കാർഡുകൾ എത്താത്തതാണ് കാരണം. ആദ്യം അനുവദിച്ച കാർഡുകൾ എല്ലാം വിറ്റു പോയി. പത്തനംതിട്ടയിൽ ലഭിച്ച 2099 കാർഡുകൾ മുഴുവനും യാത്രക്കാർ വാങ്ങി. കാർഡുകളെല്ലാം വിറ്റഴിഞ്ഞെങ്കിലും പുതിയ സ്റ്റോക്ക് എത്തിയിട്ടില്ല. ദിവസവും നിരവധിയാളുകൾ കാർഡിനായി കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും തീർന്നുപോയെന്ന മറുപടിയാണ് ലഭിക്കുന്നത്. അടുത്ത ദിവസമെത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.

ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കെ.എസ്.ആർ.ടി.സിക്കായി കാർഡ് തയ്യാറാക്കിയത്. നാണയതുട്ടുകൾ ശേഖരിക്കാതെ ബസിൽ യാത്ര ചെയ്യാം എന്നതാണ് കാർഡിന്റെ പ്രത്യേകത. ബാക്കി നൽകിയില്ലെന്ന പ്രശ്നവും പരിഹരിക്കാം. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും ഉപയോഗിക്കാൻ കഴിയുന്ന കാർഡാണിത്. വാങ്ങുന്ന വ്യക്തിയെക്കൂടാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കാർഡ് ഉപയോഗിക്കാൻ സാധിക്കും. ജൂണിലാണ് ട്രാവൽ കാർഡ് ജില്ലയിലെത്തുന്നത്.

ട്രാവൽ കാർഡ്

  • ഒരു വർഷമാണ് കാർഡിന്റെ കാലാവധി.
  • 100 രൂപയാണ് കാർഡിന്റെ വില. 50 മുതൽ 3000 രൂപ വരെ റീചാർജ് ചെയ്യാം.
  • സ്ഥിരം യാത്രക്കാരാണ് കാർഡിന്റെ ആവശ്യക്കാ‌ർ.
  • കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ് ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. ടിക്കറ്റ് മെഷിനീൽ കാർഡിന്റെ ബാക്കി തുകയെത്രയെന്ന് അറിയാനും സാധിക്കും.
  • കാർഡ് പ്രവർത്തനം നിലച്ചാൽ ഡിപ്പോയിലെത്തിയാൽ പുതിയ കാർഡ് ലഭിക്കും.
  • കേടുപാടുകൾ സംഭവിച്ചാൽ മാറ്റി നൽകില്ല.