ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം, ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ പരിക്കേൽപ്പിച്ചു

Friday 15 August 2025 1:10 PM IST

മംഗളൂരു: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മംഗളൂരു റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കണ്ണൂർ ചെറുകുന്ന് സ്വദേശി തൃക്കരിപ്പൂരിൽ നിന്നുള്ള ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രകാശ് ബാബുവിനെയാണ് അക്രമി ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ പ്രകാശ് ബാബു നിലവിൽ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മദ്യപിച്ചിരുന്നയാളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ ബ്ലേഡ് കൊണ്ട് ആക്രമിച്ചതെന്നാണ് വിവരം. അക്രമി ചെറുകുന്ന് സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.