കൊല്ലത്ത് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
Friday 15 August 2025 2:27 PM IST
കൊല്ലം: കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ആയുർ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുൽഫിക്കർ യാത്രക്കാരി രതി എന്നിവരാണ് അപകടത്തിൽ മരിച്ചത്. രതിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പുലർച്ചെ ക്ഷേത്ര ദർശനത്തിനായി സുൽഫിക്കറിന്റെ ഓട്ടോയിൽ കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു രതിയും ഭർത്താവ് സുരേഷും. എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് വരികയായിരുന്ന ലോറി ഇവർ സഞ്ചരിച്ച ഓട്ടോയിൽ പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സുൽഫിക്കർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയ്ക്കിടെ പിന്നീട് രതിയും മരിക്കുകയായിരുന്നു.