ഇങ്ങനെയൊരു ബോസിനെ കാണുന്നത് അപൂർവ്വം,  ലീവ്   ചോദിച്ച ജീവനക്കാരിക്ക് കിട്ടിയ മറുപടി

Friday 15 August 2025 4:40 PM IST

ഇന്ത്യൻ കമ്പനികളിൽ മാനേജരോട് ലീവ് ചോദിക്കുന്നത് പ്രമോഷൻ ലഭിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലീവ് എടുക്കുകയെന്നത് ഒരു തൊഴിലാളിയുടെ അവകാശമാണെന്ന് പോലും ഓർക്കാതെയാണ് പല ബോസുമാരും അവധി തരുന്നതിനെ അവഗണിക്കുക. പലപ്പോഴും വെല്ലുവിളികൾ നേരിടേണ്ടി വരികയും വ്യക്തമായ കാരണങ്ങളില്ലാതെ അവധി നിഷേധിക്കപ്പെടുകയും ചെയ്യും. എന്നാൽ നോയിഡയിൽ നിന്നുള്ള ഒരു ജീവനക്കാരി അടുത്തിടെ ലിങ്ക്ഡിന്നിൽ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയേമാകുന്നത്.

നോയിഡയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ കനിക റെയ്‌നയാണ് തന്റെ ബോസുമായി നടത്തിയ ഹ്രസ്വ സംഭാഷണം പങ്കുവച്ചത്. ഓഗസ്റ്റ് 12 മുതൽ 14 വരെ അവധി ആവശ്യപ്പെട്ട് യുവതി ബോസിന് ഒരു കത്തെഴുതിയിരുന്നു. ഇത് ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന അവധിയും ഓഗസ്റ്റ് 16, 17 തീയതികളിലെ വാരാന്ത്യവും കൂടി ചേർന്നതാണ്. എന്നാൽ ബോസ് യുവതിയുടെ ലീവ് അംഗീകരിക്കുന്നതിനുപകരം, യുവതിയുടെ ദിവസത്തെ പ്രകാശപൂരിതമാക്കിയ ഒരു സന്ദേശമാണ് മറുപടിയായി നൽകിയത്.

'അവധി അംഗീകരിച്ചിരിക്കുന്നു. നിങ്ങളുടെ യാത്ര പരമാവധി ആസ്വദിക്കൂ. അനാവശ്യ സമ്മർദ്ദങ്ങളൊന്നും വേണ്ട. നിങ്ങൾ ഇവിടെയില്ലെങ്കിലും ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്തോളം. ചിയേഴ്‌സ്,” അദ്ദേഹം കുറിച്ചു. യഥാർത്ഥത്തിൽ ജീവനക്കാരെ പിന്തുണയ്ക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാകുന്നത് വലിയ കാര്യമാണെന്ന് കനിക കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 11ന് പങ്കിട്ട പോസ്റ്റ് അതിനുശേഷം 5,000-ത്തിലധികം ലൈക്കുകളും അഭിപ്രായങ്ങളുമാണ് ലഭിച്ചത്. ബോസിന്റെ മറുപടിയെ ഒട്ടേറെ പേർ പ്രശംസിച്ചു. ഇത്തരത്തിൽ സ്വന്തം തൊഴിലാളിയെ പിന്തുണയ്ക്കുന്ന ബോസിനെ കാണുന്നത് അപൂർവമാണെന്ന് നിരവധി പേർ പറഞ്ഞു. മറ്റു ചിലർ സ്വന്തം കഥകളും പങ്കുവെച്ചു.