പശുക്കൾക്ക് നേരെ ആക്രമണം; ജനനേന്ദ്രിയത്തിലടക്കം മുറിവ്, പൊലീസിൽ പരാതി നൽകി ഗൃഹനാഥൻ

Friday 15 August 2025 4:50 PM IST

പാലക്കാട്: ഒറ്റപ്പാലത്ത് പശുക്കൾക്കുനേരെ ആക്രമണം. മൂന്ന് പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനത്തോട്ടത്തിൽ ഹരിദാസന്റെ പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ പറമ്പിൽ മേയാൻ വിട്ട പശുക്കളാണ് ആക്രമിക്കപ്പെട്ടത്.

ഉച്ചയ്ക്ക് വീട്ടിൽ ആഹാരം കഴിക്കാൻ വന്ന ഹരിദാസൻ തിരികെ പോയപ്പോൾ പശുക്കളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പറമ്പിന് സമീപത്തെ തേക്കിൽ കെട്ടിയിട്ട നിലയിൽ ഒരു പശുവിനെ കണ്ടു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടിൽ നിന്നും കണ്ടെത്തി. ഒരു പശു കയർ പൊട്ടിച്ച് തനിയെ വീട്ടിലെത്തിയിരുന്നു.

പിന്നീട് തൊഴുത്തിൽ കെട്ടിയ പശുക്കൾ പിടയുന്നതുകണ്ട് നോക്കിയപ്പോഴാണ് രക്തം വന്നതായി കണ്ടത്. തുടർന്ന് മൃഗഡോക്‌ടറെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാൾ ആന്തരിക അവയവങ്ങൾക്കടക്കം മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. പശുക്കൾക്ക് ചികിത്സ നൽകി. സംഭവത്തിൽ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഹരിദാസൻ.