പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോൻ; അമ്മയിലെ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവൻ

Friday 15 August 2025 4:54 PM IST

കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടനും മത്സരാർത്ഥിയുമായിരുന്ന നടൻ ദേവൻ. എല്ലാ പ്രവർത്തനങ്ങളിലും ശ്വേതയോടൊപ്പമുണ്ടാകുമെന്നും ദേവൻ പ്രതികരിച്ചു. ഇനി മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പ്രസക്തിയില്ലെന്നും എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നുമാണ് വിജയിച്ചശേഷം ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതയ്ക്ക് വലിയ പിന്തുണയാണ് ദേവൻ നൽകിയത്. സംവരണമില്ലാതെ സ്ത്രീകൾ ജയിച്ചുമുന്നേറി വരട്ടെയെന്നാണ് അദ്ദേഹം മുൻപ് പ്രതികരിച്ചത്. ശ്വേത അമ്മ സംഘടനയുടെ അമ്മയാണെങ്കിൽ താൻ അമ്മ സംഘടനയുടെ അച്ഛനാണെന്നായിരുന്നു ദേവൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. വൈകിട്ട് നാലുമണിയോടെ ഫലങ്ങളും പുറത്തുവന്നിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോനാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വിജയിച്ചു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജയൻ ചേർത്തലയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.