സഞ്ജുവും റോയൽസ് മാനേജ്‌മെന്റും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായത് ബട്‌ലറുടെ പേരിൽ, പകരം ടീം 11 കോടിക്ക് മുടക്കിയത് വിദേശ താരത്തിനായി

Friday 15 August 2025 6:12 PM IST

ജയ്‌പൂർ: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീം വിട്ടേക്കുമെന്ന സംസാരം കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇക്കാര്യത്തിൽ എന്തെങ്കിലുമൊരു പ്രതികരണം സഞ്ജു ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ മാനേജ്‌മെന്റുമായി ചില കാര്യങ്ങളിൽ തനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്ന് സഞ്ജു തന്നെ പലതരത്തിൽ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഇംഗ്ളണ്ട് താരവും രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണറുമായിരുന്ന ജോസ് ബട്‌ലറെ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്‌തത് പല റോയൽസ് ആരാധകരെയും ഞെട്ടിച്ചിരുന്നു.

വർഷങ്ങളായി രാജസ്ഥാനിൽ തുടർന്ന ബട്‌ലർ മികച്ച ഫോമിൽ തുടരവെ തന്നെയാണ് ഫ്രാഞ്ചൈസി അദ്ദേഹത്തെ റിലീസ് ചെയ്‌തത്. ഇക്കാര്യത്തിൽ തന്റെ വ്യത്യസ്‌താഭിപ്രായം സഞ്ജു ജിയോ ഹോട്‌സ്‌റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. റിലീസ് ചെയ്‌ത ബട്‌ലറെ 15.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുകയും ബാറ്റിംഗിൽ ബട്‌ലർ ഈ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു.

എന്നാൽ രാജസ്ഥാനിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ നായകനായ റിയാൻ പരാഗിനെയും വിൻഡീസ് താരം ഹെ‌ത്‌മിയറെയും നിലനിർത്താൻ ഫ്രാഞ്ചൈസി ഇത്തവണ തീരുമാനിക്കുകയായിരുന്നു. ഇതിൽ അത്ര മികച്ച ഫോമിലല്ലാത്ത ഹെത്‌മിയറിനായി 11 കോടിയാണ് റോയൽസ് മുടക്കിയത്. സഞ്ജു, ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, സന്ദീപ് ശർമ്മ എന്നിവരെയും കൂടി നിലനിർത്തിയതിനാൽ പിന്നീട് ആർടിഎം സംവിധാനം വഴി ലേലത്തിലൂടെ ബട്‌ലറെ സ്വന്തമാക്കാൻ റോയൽസിനായില്ല.

'വളരെ വെല്ലുവിളി നിറഞ്ഞതീരുമാനമായിരുന്നു ജോസ് ബട്‌ലറെ വിട്ടുകളഞ്ഞത്. ഇംഗ്ളണ്ട് പരമ്പര സമയത്ത് ഇക്കാര്യം ഞാൻ ബട്‌ലറോട് പറഞ്ഞിട്ടുണ്ട്. എനിക്ക് സാധിക്കുമായിരുന്നെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ താരങ്ങളെ റിലീസ് ചെയ്യുന്നരീതി ഞാൻ എടുത്തുകളയുമായിരുന്നു. വർഷങ്ങളായി ഉണ്ടാക്കിയെടുത്ത ബന്ധമാണ് നിങ്ങൾക്ക് നഷ്‌ടമാകുന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.' സഞ്ജു പറയുന്നു.

അതേസമയം രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു, ചെന്നൈ സൂപ്പർ കിംഗിസിലേക്ക് മാറാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിന്റെ അഭിപ്രായം. രാജസ്ഥാന് ഈ മാറ്റത്തിൽ നേട്ടമൊന്നുമില്ലാത്തതിനാൽ നീക്കം വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അശ്വിൻ അഭിപ്രായപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

'സഞ്ജു ചെന്നൈയിലേക്ക് പോകുന്നതിന് പകരമായി അതേ നിലവാരത്തിലുള്ള മറ്റൊരു കളിക്കാരനെ രാജസ്ഥാൻ റോയൽസിന് തിരികെ നൽകാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ട്രേഡ് നടക്കില്ല. കാരണം സഞ്ജുവിനെ ചെന്നൈയിലേക്ക് ട്രേഡ് ചെയ്താൽ രാജസ്ഥാൻ റോയൽസ് മറ്റ് ടീമുകളുമായി ട്രേഡ് ചെയ്യേണ്ടി വരും. അങ്ങനെ ചെയ്താൽ അവർക്ക് മികച്ച കളിക്കാരെ ലഭിക്കാനുള്ള സാദ്ധ്യത കുറയും.' അശ്വിൻ പറയുന്നു.