6000 ലിറ്റർ മാലിന്യം ഒറ്റ‌ത്തവണ സംസ്‌കരിച്ച് ജലമാക്കും, ശേഷം കൃഷിക്ക് ഉപയോഗിക്കാം

Friday 15 August 2025 6:50 PM IST

കായംകുളം: നഗരസഭ വാങ്ങിയ കക്കൂസ് മാലിന്യ സംസ്‌കരണത്തിനുള്ള മൊബൈൽ യൂണിറ്റിന്റെ കാര്യക്ഷമതാപരിശോധന പൂർത്തിയായി. നഗരസഭ ചെയർപേഴ്സൺ പി.ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, നഗരസഭ സെക്രട്ടറി സനിൽ.എസ് ,ക്ലീൻ സിറ്റി മാനേജർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഖര, ദ്രാവക വേർതിരിവ്, ഖരമാലിന്യം കട്ടിയാക്കൽ, മലിനജല സംസ്‌കരണ പ്രക്രിയകൾ എന്നിങ്ങനെ വിവിധഘട്ടങ്ങളിലായാണ് മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനം. ദ്രാവകം ഖരാവസ്ഥയിൽ നിന്ന് വേർതിരിക്കുമ്പോൾ മലിനജലം സംസ്‌കരണ പ്രക്രിയയിലൂടെ കടന്നുപോകുകയും ഖരമാലിന്യം നീക്കുകയും ചെയ്യും.

സർക്കാരിന്റെ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനുമുള്ള യൂണിറ്റാണ് ഇവിടെ ഉപയോഗിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൗമ എൻവിരോടെകാണ് നിർമ്മാണവും തുടർപരിപാലനവും നിർവ്വഹിക്കുന്നത്. വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിങ്ങനെ 100 മീറ്റർ വരെ വാഹനം എത്തുമെങ്കിൽ സെ്ര്രപിക് ടാങ്ക് ശാസ്ത്രീയമായി ക്ലീൻ ചെയ്യാം.

സർവീസ് ചാർജ് കൗൺസിൽ തീരുമാനിക്കും

മണിക്കൂറിൽ 6000 ലിറ്റർ മാലിന്യം സംസ്‌കരിക്കാൻ മൊബൈൽ യൂണിറ്റിന് കഴിയും

സംസ്‌കരിച്ചശേഷം ജലം സുരക്ഷിതമായി ഒഴുക്കി കളയുകയോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം

അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ സംസ്‌കരിച്ച ജലത്തിലുണ്ടാവില്ല

പ്ളാന്റിന്റെ സർവീസ് ചാർജ്ജും പ്രവർത്തന മാനദണ്ഡങ്ങളും നഗരസഭ കൗൺസിൽ തീരുമാനിക്കും

ദേശീയ ഹരിത ട്രിബ്യൂണലടക്കം ദേശീയ സംസ്ഥാന ഏജൻസികൾ ഈ വിഷയത്തിലിടപെട്ട സാഹചര്യത്തിലാണ് ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കക്കൂസ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നത്

പി.ശശികല, ചെയർപേഴ്സൺ