പട്ടിണിയിൽ നിന്നുയർന്ന് കഥകളി പുരസ്കാര നിറവിൽ ശങ്കരവാര്യർ
കളമശേരി: വേഷക്കാർക്കും പാട്ടുകാർക്കും ചെണ്ടക്കാർക്കും പിന്നിലായിരുന്ന മദ്ദളക്കാരന് കഥകളിയിൽ സ്ഥാനമുണ്ടാക്കി കൊടുത്ത കലാമണ്ഡലം ശങ്കരവാര്യരെ(73) തേടി സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരം. അരങ്ങിൽ നിന്ന് പിൻവാങ്ങി ഏലൂർ കിഴക്കുംഭാഗം ശിവശക്തിയിൽ വിശ്രമ ജീവിതം നയിക്കുമ്പോഴാണ് പുരസ്കാരത്തിന് അർഹനാകുന്നത്. കണ്ണൂർ തില്ലങ്കേരിയിലെ ബാല്യ കൗമാരങ്ങൾ മുഴുപട്ടിണിയുടെ കാലം. വിശപ്പടക്കാൻ അമ്പലത്തിലെ നിവേദ്യത്തിന് കാത്തിരുന്ന കാലമുണ്ട്. തയ്യൽ പണി, ഹോട്ടൽ പണി, പശുപരിപാലനം തുടങ്ങി ശങ്കരവാര്യർ ചെയ്ത ജോലികൾ അനവധി. കർണ്ണാടകയിലെ തൈര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ കഴകത്തിന് നിൽക്കുമ്പോൾ അമ്പലത്തിലേക്ക് ശർക്കര പൊതിഞ്ഞു കൊണ്ടുവന്ന മലയാള പത്രത്തിൽ കേരളകലാമണ്ഡലത്തിൽ വിദ്യാർത്ഥികളെ എടുക്കുന്ന പരസ്യം കണ്ട് കടം വാങ്ങിയ പണം കൊണ്ട് അപേക്ഷ അയച്ചു. അന്ന് പ്രായം 15. പഠനകാലം പീഡനകാലം കൂടിയായിരുന്നു. ആശാന്റെ ചീത്തവിളിയും തല്ലും സഹിക്കാനാവാതെ റെയിൽ പാളത്തിൽ തലവെച്ചു, പിന്തുടർന്നു വന്നയാൾ പിടിച്ചു വലിച്ചു മാറ്റിയതിനാൽ ഇന്നും ജീവിക്കുന്നു. പിന്നീട് അതേ കലാമണ്ഡലത്തിൽ അദ്ധ്യാപകനുമായി. എം.കെ.കെ.നായരെ കണ്ടുമുട്ടിയതോടെയാണ് ഫാക്ട് കഥകളി കളരിയിലെ മദ്ദള അദ്ധ്യാപകനാവാൻ വഴി തെളിയുന്നത്. 1981ൽ ഫാക്ടിലെത്തി 2023ൽ വി.ആർ.എസ്. എടുത്തു. വാഹനാപകടത്തിൽ വലതു കൈപ്പത്തി ഒടിഞ്ഞതിനെ തുടർന്ന് വിശ്രമജീവിതത്തിലേക്ക് കടന്നു. സംസ്ഥാന സർക്കാർ കഥകളി പുരസ്കാരം കൂടാതെ വീരശൃംഖല, കലാമണ്ഡലം അവാർഡ്, തളിപ്പറമ്പ് രാജേശ്വരി ക്ഷേത്രത്തിന്റെ പട്ടും വളയും, മദ്ദളകേസരി പുരസ്കാരം, കലാമണ്ഡലം ഹൈദരാലി സ്മാരക അവാർഡ് ഉൾപ്പെടെ മുപ്പത്തി അഞ്ചോളം അവാർഡുകൾ. ഭാര്യ: വത്സല എസ്. വാര്യർ . മക്കൾ: അരുൺ ദേവ വാര്യർ, കിരൺ ദേവ വാര്യർ.
അഭിനന്ദനമായി താച്ചറുടെ ചുംബനം
മുംബൈയിൽ കഥകളി അവതരണം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ കെട്ടിപ്പിടിച്ച് ചുംബിച്ചതും അഭിനന്ദനങ്ങൾ ചൊരിഞ്ഞതും മറക്കാനാവില്ല. ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു താച്ചറുടെ അഭിനന്ദനം. നിരവധി വിദേശരാജ്യങ്ങളിൽ കഥകളിക്കൊപ്പവും അല്ലാതെയും മൃദംഗം വായിച്ചിട്ടുണ്ട്. കലാമണ്ഡലത്തിലെ സിലബസിന്റെ ഭാഗമായ ‘മദ്ദളമെന്ന മംഗളവാദ്യം’ എന്ന കൃതിയുടെ രചയിതാവാണ്.