മണ്ഡലകാലത്ത് എരുമേലിയിലെ ഹോട്ടലുകൾ എല്ലാ ആഴ്ചയും പരിശോധിക്കണം: ഹൈക്കോടതി

Saturday 16 August 2025 12:00 AM IST

കൊച്ചി: ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ ഭക്ഷണശാലകളിൽ ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വംബോർഡ് വിജിലൻസ് വിഭാഗത്തിനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശം നൽകിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ചീഫ് വിജിലൻസ് ഓഫീസർ ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് നൽകണമെന്നും നിർദ്ദേശിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന ലൈസൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും അഖില ഭാരതീയ അയ്യപ്പസേവാസംഘം ഫയൽചെയ്ത ഹർജിയിൽ കോടതി ഉത്തരവിട്ടു.

എരുമേലിയിൽ ചില കരാറുകാർ വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും അതിനാൽ കർശന പരിശോധനയ്ക്ക് നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. തുടർന്നാണ് കോടതി ഇടപെട്ടത്.

ശബരിമല തീർത്ഥാടകർക്ക് ശുദ്ധമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വംബോർഡിനാണെന്ന് കോടതി വ്യക്തമാക്കി. തീർത്ഥാടകർക്ക് മോശം ഭക്ഷണം നൽകിയെന്ന ആരോപണം അമ്പരിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.