കോടതി വിമർശനം മുഖ്യമന്ത്രിക്കുള്ള താക്കീത്: സണ്ണിജോസഫ്

Saturday 16 August 2025 12:00 AM IST

തിരുവനന്തപുരം: ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനുള്ള ശക്തമായ താക്കീതാണ് പ്രത്യേക വിജിലൻസ് കോടതി നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

ആഭ്യന്തര വകുപ്പിന്റെ അധികാര ദുർവിനിയോഗം അക്കമിട്ട് നിരത്തുകയാണ് കോടതി ചെയ്തത്. എ.ഡി.ജി.പിയെ രക്ഷപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നെന്നാണ് കോടതി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. എ.ഡി.ജി.പി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം പി.വി. അൻവറുമായി അനുനയ ചർച്ച നടത്തിയെന്ന മൊഴിയിലൂടെ കേസ് ഒതുക്കാൻ നടത്തിയ ബാഹ്യയിടപെടലുകൾ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശയത്തിന്റെ നിഴലിൽ നിറുത്തിയാണ് അൻവർ ആക്ഷേപം ഉന്നയിച്ചത്. ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പിയെ രക്ഷപ്പെടുത്താൻ ദുരൂഹമായ ഇടപെടൽ ആഭ്യന്തര വകുപ്പ് നടത്തിയത് ആരുടെ നിർദ്ദേശ പ്രകാരമാണെന്ന് സണ്ണി ജോസഫ് ചോദിച്ചു.