ഡിജിറ്റലിൽ 'ലോക്കായി ' അങ്കണവാടി ജീവനക്കാർ
കീറാമുട്ടിയായി വിവര ശേഖരണവും കൈമാറലും
കോഴിക്കോട് : അങ്കണവാടി പ്രവർത്തനങ്ങൾ സുഗമമാക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റലൈസേഷൻ ജീവനക്കാർക്ക് കീറാമുട്ടിയാവുന്നു. അടിക്കടിയുള്ള സോഫ്റ്റ് വെയർ അപ്ഡേറ്റുകളും നെറ്റ് വർക്ക് തകരാറുകളും കാരണം വിവരങ്ങൾ യഥാസമയം അപ് ലോഡ് ചെയ്യാനാകുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. നേരത്തെ പ്രതിദിന വിവര ശേഖരണവും തുടർനടപടികളും രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുകയായിരുന്നു പതിവ്. 2018 ൽ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായി സ്മാർട് ഫോണുകൾ വിതരണം ചെയ്ത് ഇതുവഴി നടപടികൾ നീക്കണമെന്ന നിർദ്ദേശം വന്നു. പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതിക്ക് കീഴിൽ സംസ്ഥാന വനിതാശിശുവികസന വകുപ്പ് മുഖേനയാണ് വിവര ശേഖരണത്തിനായി അങ്കണവാടികൾക്ക് സ്മാർട് ഫോണുകൾ അനുവദിച്ചത്. തുടക്കത്തിൽ ഫോണുകളിൽ 'കെയർ എൽ.ടി.എസ്' എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് പോഷൺ ട്രാക്കറെന്ന ആപ്ലിക്കേഷനിലേക്ക് മാറി. അടിക്കടിയുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ കാരണം പല ഫോണുകളിലും പോഷൺ ട്രാക്കർ ആപ് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം
സർക്കാർ ഫോൺ നോക്കുകുത്തി
അങ്കണവാടികളിലൂടെ നൽകിവരുന്ന അനുപൂരക പോഷകാഹാരം വിതരണത്തിന് ഈ മാസം മുതൽ ഫേസ് റെക്കഗ്നിഷൻ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ആപ് പണിമുടക്കുന്നത് കാരണം വിവരങ്ങൾ പോഷൺ ട്രാക്കറിൽ രേഖപ്പെടുത്താൻ സാധിക്കുന്നില്ല. സർക്കാർ നൽകിയ ഫോൺ നോക്കുകുത്തിയാണെന്ന് പരാതി നൽകിയപ്പോൾ പുതിയത് അനുവദിക്കാമെന്ന് വാഗ്ദാനം മാത്രമാണ് വന്നത്.
കുട്ടികളുടെ പരിപാലനത്തിനും മറ്റു പതിവ് സർവേകൾക്കും പുറമെ പല കേന്ദ്ര പദ്ധതികളുടെയും ചുമതല അങ്കണവാടി ജീവനക്കാരുടെ മാത്രം തലയിലാകുന്നുവെന്ന പരാതിയും വ്യാപകമാണ്.
പ്രധാനമന്ത്രി മാതൃവന്ദന യോജന ഗുണഭോക്താവിന് ആനുകൂല്യം ലഭ്യമായില്ലെങ്കിൽ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിൽ നിന്ന് ആ തുക പിടിച്ചെടുക്കുമെന്നും ഫേസ് റെക്കൾനീഷൻ സിസ്റ്റം, ഇ.കെ.വൈ.സി രജിസ്‌ട്രേഷൻ നടക്കാത്തതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടമായാൽ ഉത്തരവാദികൾ അങ്കണവാടി ജീവനക്കാരായിരിക്കുമെന്നുമാണ് കേന്ദ്ര നിലപാട്.
ജില്ലയിലെ 2908 അങ്കണവാടികളിലായി 6000 ത്തോളം ജീവനക്കാരാണ് ജോലിചെയ്യുന്നത്.
പ്രധാന ആവശ്യങ്ങൾ
ഫേസ് കാപ്ച്ചറിംഗ് (ഫോട്ടോ) ചെയ്തില്ലെങ്കിൽ ഗർഭിണികൾക്കുള്ള സാമ്പത്തിക സഹായം നൽകില്ലെന്ന നിലപാട് പിൻവലിക്കുക.
അമിത ജോലിഭാരം ഒഴിവാക്കുക.
ഐസിഡിഎസിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കേന്ദ്രവിഹിതം നൽകുക.
ഓൺലെെൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കുക.
'' പദ്ധതികൾ സുഗമമായി നടപ്പിലാക്കാൻ സ്വന്തം കൈയിൽ നിന്ന് പണം എടുക്കേണ്ട അവസ്ഥയാണ്. ജോലി ഭാരം ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാർ പ്രതിഷേധ സമരങ്ങളിലേക്ക് കടന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന മന്ത്രാലയത്തിനും ഗവർണർക്കുമെല്ലാം ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി പെർഫോമൻസ് അലവൻസും യാത്രാ അലവൻസും ലഭിക്കുന്നില്ല.
- കെ.ഷീബ, ജില്ലാ സെക്രട്ടറി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേർസ് അസോസിയേഷൻ