'അമ്മ'യ്‌ക്ക് പെൺകരുത്ത്, നയിക്കാൻ 4 വനിതകൾ

Saturday 16 August 2025 12:07 AM IST

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തലപ്പത്ത് പെൺകരുത്ത്. സംഘടനയുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോനാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും വനിതകൾ. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ലക്ഷ്‌മിപ്രിയ വൈസ് പ്രസിഡന്റ്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി.

ട്രഷററായി ഉണ്ണി ശിവപാലും മറ്റൊരു വൈസ് പ്രസിഡന്റായി ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യുട്ടീവ് കമ്മിറ്റി വനിതാ വിഭാഗത്തിൽ അഞ്ജലി നായർ, ആശ അരവിന്ദ്, നീനു കുറുപ്പ്, സരയു മോഹൻ എന്നിവരും പൊതുവിഭാഗത്തിൽ ജോയ് മാത്യു, കൈലാഷ്, ഡോ.റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, സുജോയ് വർഗീസ്, ടിനി ടോം, വിനു മോഹൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ദേവനെയാണ് ശ്വേത മേനോൻ പരാജയപ്പെടുത്തിയത്. ഭാരവാഹികൾ ചുമതലയേറ്റു.

'' 'അമ്മ' സ്ത്രീയാകണമെന്ന് എല്ലാവരും ആഗ്രഹിച്ചു. ഈ നിമിഷം അമ്മ സ്ത്രീയായിരിക്കുന്നു. എല്ലാവരുടെയും പിന്തുണ വേണം. രാജിവച്ചവരെ തിരിച്ചെത്തിക്കും. പിണങ്ങിപ്പോയവർ തിരിച്ചുവരണം. ചർച്ചചെയ്‌തു തീരുമാനങ്ങളെടുക്കും

-ശ്വേത മേനോൻ