രാഹുലിന്റെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരം: വി.എം. സുധീരൻ

Saturday 16 August 2025 12:00 AM IST

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദഹം.

കേന്ദ്ര സർക്കാരും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർത്തു. ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് സ്‌പെഷ്യൽ ഇന്റെൻസീവ് റിവിഷനിലൂടെ കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്. ബാബു, ജി.സുബോധൻ,മരിയാപുരം ശ്രീകുമാർ, വി.എസ്. ശിവകുമാർ, ഡി.സി.സി ആക്ടിംഗ് പ്രസിഡന്റ് എൻ.ശക്തൻ, സേവാദൾ ചെയർമാൻ രമേശൻ കരുവാച്ചേരി, മണക്കാട് സുരേഷ്, കെ.മോഹൻകുമാർ,നെയ്യാറ്റിൻകര സനൽ,എംഎ വാഹിദ്,കെ.എസ്. ശബരിനാഥൻ, എൻ.എസ്. നുസൂർ,ട്രാൻസ്‌ജെന്റേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അമയ പ്രസാദ് യുടങ്ങിയവർ പങ്കെടുത്തു.