കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Saturday 16 August 2025 12:10 AM IST

കുളത്തൂപ്പുഴ: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തിരുമല രാമമംഗലത്ത്‌ ബംഗ്ലാവ് വീട്ടിൽ അജയൻ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) -ശ്രീലത ദമ്പതികളുടെ ഏക മകൻ ആദർശാണ് (29) മരിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ഫെറിഡിയം ടെക്നോളജി കമ്പനിയിൽ എൻജിനിയറാണ്. ഇന്നലെ പുലർച്ചെ അഞ്ചിന് മലയോര ഹൈവേ മടത്തറ - കുളത്തൂപ്പുഴ പാതയിൽ വേങ്കോല്ല ശംഖിലി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം.

തിരുവനന്തപുരത്ത്‌ നിന്ന് സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിൽ പോകുന്നതിനിടെയാണ് അപകടം. വനത്തിൽ നിന്ന് ഹൈവേ പാതയിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. ആദർശ് ദൂരേക്ക് തെറിച്ചു വീണു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കുൾപ്പടെ ഗുരുതര പരിക്കേറ്റു. കനത്ത മഴയായിരുന്നു. ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകുമെന്ന് അറിയിച്ചതിനാൽ ഏറെനേരം രക്തം വാർന്ന് റോഡിൽ കിടക്കേണ്ടി വന്നു.

സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ ശംഖിലി സെക്ഷൻ വനപാലകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശവാസിയുടെ ജീപ്പിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒറ്റയാൻ ഇനത്തിലെ നൂറ് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയും അപകടത്തിൽ ചത്തു. ആദർശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംശയം, കാർ കസ്റ്റഡിയിൽ

അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്ന് സംശയിക്കുന്ന കാർ ചിതറ പൊലീസ് തിരുവനന്തപുരത്തെ ഹോണ്ടാ ഷോറൂമിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഡോർ ചളുങ്ങിയ നിലയിലും ബംബറും നമ്പർ പ്ളേറ്റും തകർന്ന നിലയിലുമാണ്. പന്നി ഇടിച്ചപ്പോൾ ആദർശ് ബൈക്കിൽ നിന്ന് തെറിച്ച് കാറിലിടിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പന്നിയുടെ ദേഹത്തിലൂടെ കാർ കയറിയിറങ്ങിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് വനപാലകർ അറിയിച്ചു.