നിയമസഭ: പ്രമുഖരെ രംഗത്തിറക്കാൻ ബി.ജെ.പി

Saturday 16 August 2025 12:00 AM IST

തിരുവനന്തപുരം:അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളെ രംഗത്തിറക്കാൻ ബി.ജെ.പി.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റിയോഗത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി വളരെ നേരത്തെ ഒരുക്കങ്ങൾ തുടങ്ങാനും പ്രമുഖ നേതാക്കളെ വിജയ സാധ്യതയേറിയ മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനും സ്ഥാനാർത്ഥി നിർണ്ണയം കാലേകൂട്ടി നടത്താനുമുള്ള നിർദ്ദേശം ഉയർന്നത്.

മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,ശോഭാ,സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ തുടങ്ങിയവരെ രംഗത്തിറക്കാനാണ് ആലോചന. രാജീവ് ചന്ദ്രശേഖർ, കുമ്മനം,കൃഷ്ണദാസ്,വി.മുരളീധരൻ തുടങ്ങിയവർ തിരുവനന്തപുരത്തും ശോഭാസുരേന്ദ്രൻ,കെ.സുരേന്ദ്രൻ തുടങ്ങിയവർ തൃശ്ശൂർ ജില്ലയിലും മത്സരിച്ചേക്കും.22ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും മോർച്ച ഭാരവാഹികളുടേയും യോഗത്തിൽ കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കും.