ഹെൽത്ത് ഇൻസ്പെക്ടർമാരില്ല, ആരോഗ്യ, ശുചിത്വ പരിശോധനകൾ താളംതെറ്റുന്നു
മലപ്പുറം: ജില്ലയിൽ പത്ത് മുനിസിപ്പാലിറ്റികളിൽ നികത്താതെ കിടക്കുന്നത് 22 പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ തസ്തികകൾ. നഗരസഭയിലെ ആരോഗ്യ, ശുചിത്വ, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവരാണ് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ. കൊണ്ടോട്ടി - ഒന്ന്, കോട്ടക്കൽ - 2, മഞ്ചേരി - 4, നിലമ്പൂർ - 2, പരപ്പനങ്ങാടി - 2, പെരിന്തൽമണ്ണ - 3, പൊന്നാനി - 3, തിരൂർ - 1, തിരൂരങ്ങാടി - 2, വളാഞ്ചേരി - 2 എന്നിങ്ങനെ ഒഴിവുകളാണ് നികത്താത്തത്. മഴക്കാലമായതോടെ ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് മൂലം ഹോട്ടലുകളിലും ഭക്ഷ്യോത്പ്പന്ന നിർമ്മാണ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കൃത്യമായി പരിശോധന നടത്താൻ കഴിയുന്നില്ല. ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പഴകിയ ഭക്ഷണങ്ങളുടെ വിൽപ്പന തടയേണ്ടതും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ്.
റോഡുകളിലും പൊതുയിടങ്ങളിലും വേസ്റ്റുകൾ കൊണ്ടിടുന്നവർക്കെതിരെ നിയമനടപടികൾ കൈകൊള്ളേണ്ടതും ഇതിനെതിരെ ബേോധവത്ക്കരണം നടത്തേണ്ടതും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ്. പ്ലാസ്റ്റിക് വസ്തുക്കൾ പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുക, വീടുകളിൽ പ്ലാസ്റ്റിക് കത്തിച്ചാൽ ഇതിനെതിരെ നിയമ നടപടി എന്നിവയ്‌ക്കൊപ്പം ഹരിത കർമ്മസേന മുഖേനയുള്ള അജൈവമാലിന്യ ശേഖരണത്തിന്റെ ഉത്തരവാദിത്വവും ഹെൽത്ത് ഇൻസ്പെക്ടർമാർക്കുണ്ട്.
ഹെൽത്ത് കാർഡും ഉറപ്പാക്കണം
ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല കൂടി പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുണ്ട്.
ഭക്ഷണം ഉണ്ടാക്കുന്നതിന് മിക്ക ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ ജീവനക്കാരെയാണ് നിയമിക്കുന്നത്.
മലയാളി ജീവനക്കാരേക്കാൾ കൂലി കുറവാണ് എന്നതും കൂടുതൽ സമയം സേവനം ലഭ്യമാവുമെന്നതുമാണ് ഇവരെ നിയമിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ ഇവർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കുന്നതിൽ മിക്കവരും താത്പര്യമെടുക്കാറില്ല.
മിക്കപ്പോഴും ഹോട്ടലുകളിൽ പരിശോധന നടത്തുമ്പോഴാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെന്ന വിവരം പുറത്തറിയാറുള്ളത്.