രാഷ്ട്രീയത്തിൽ ഈഴവന് അവസരമില്ല : വെള്ളാപ്പള്ളി

Saturday 16 August 2025 12:00 AM IST

കായംകുളം: രാഷ്ട്രീയത്തിൽ ഈഴവന് അവസരമില്ലാതായെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കായംകുളം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശാഖാനേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ട് ബാങ്കായി സംഘടിച്ച് ഒരു സമുദായം രാഷ്ട്രീയാധികാരം ഹൈജാക്ക് ചെയ്യുന്നു.

മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നാണ് അവകാശവാദം. മലപ്പുറമെന്ന് മിണ്ടിപ്പോയാൽ പ്രതിപക്ഷം തന്നെ ചീത്ത പറയും . തൊഴിക്കുകയും ചെയ്യും. അത് തന്നോടുള്ള വിരോധം കൊണ്ടല്ല. ലീഗിനെ സുഖിപ്പിക്കാനുള്ള തന്ത്രമാണ്..

രാഷ്ട്രീയമേതായാലും അർഹമായത് നേടിയെടുക്കാനുള്ള ആർജ്ജവമുണ്ടാകണം. അവഗണനയുടെ കണക്ക് പറയുമ്പോൾ ജാതി പറയുന്നെന്ന് ആക്ഷേപിക്കും. മത ശാസനകളനുസരിച്ച് സർക്കാർ ഭരിക്കണമെന്നും, അല്ലാത്തപക്ഷം ഭരിപ്പിക്കില്ലെന്നുമാണ് ചിലരുടെ ഭീഷണി. പാർട്ടി ഏതായാലും കാലങ്ങളായി തല്ലു കൊള്ളാനും രക്തസാക്ഷികളാകാനും വിധിക്കപ്പെട്ടവരാണ് ഈഴവർ. ഇനി അതു പാടില്ല. ഏത് രാഷ്ട്രീയത്തിലായാലും അർഹമായത് ചോദിച്ച് വാങ്ങാനുള്ള തന്റേടമുണ്ടാകണം. ഇക്കാര്യത്തിൽ മലപ്പുറത്തുകാരെ കണ്ടു പഠിക്കണം.ജാതി പറയുന്നവരാണ് ഇന്ന് മിടുക്കൻമാർ. മതേതരത്വം പറയുന്നവർ മണ്ടൻമാരും. ആലപ്പുഴയിൽ മുമ്പ് ഈഴവ സമുദായത്തിന് എത്ര എം.എൽ.എമാരുണ്ടായിരുന്നെന്നും ഇപ്പോഴെത്രയുണ്ടെന്നും ചിന്തിക്കണം. .ജനസംഖ്യാനുപാതികമായി ഭരണ പങ്കാളിത്തമില്ലാത്തതിനാൽ ഈഴവർക്ക് തൊഴിലുറപ്പിലാണ് പ്രാതിനിധ്യം. ഇതര സമുദായങ്ങളിൽ നിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ എത്ര പേരുണ്ടെന്ന് ചിന്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. .

യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഭദ്രദീപപ്രകാശനം നടത്തി. സംഘടനാ സന്ദേശവും നൽകി. കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ സ്വാഗതം പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. കായംകുളം യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് നന്ദി പറഞ്ഞു.