വരുമാനത്തിൽ കുതിപ്പുമായി മുത്തൂറ്റ് ഫിൻകോർപ്പ്

Saturday 16 August 2025 12:18 AM IST

വരുമാനം 26.47 ശതമാനം ഉയർന്നു

കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 47.31 ശതമാനം വർദ്ധന

വായ്പ വിതരണത്തിൽ 63.04 ശതമാനം മുന്നേറ്റം

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പിന്റെ വരുമാനം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ 26.47 ശതമാനം ഉയർന്ന് 1,574 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 47.31 ശതമാനം വർദ്ധിച്ച് 36,787 കോടി രൂപയായി. കോ ലെൻഡിംഗ് ഉൾപ്പെടെ 28,150 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്‌തത്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ അറ്റാദായം ഇക്കാലയളവിൽ 1.03 ശതമാനം കുറഞ്ഞ് 179.31 കോടി രൂപയിലെത്തി. ഉപഭോക്താക്കളുടെ വിശ്വാസവും താൽപ്പര്യവുമാണ് ഒന്നാം ത്രൈമാസത്തിൽ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മാനുഷികതയോടെ കണക്കിലെടുത്ത് സേവനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു

ആദ്യ പാദത്തെ സംയോജിത വായ്‌പാ വിതരണം 53.69 ശതമാനം ഉയർന്ന് 30,198 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 31.85 ശതമാനം ഉയർന്ന് 51,867 കോടി രൂപയിലെത്തി. അറ്റാദായം 303.51 കോടി രൂപയിൽ നിന്ന് 200.54 കോടി രൂപയായി കുറഞ്ഞു.

ബിസിനസ് വായ്പകൾ, ഡിജിറ്റൽ വായ്പ സേവനങ്ങൾ തുടങ്ങി നവീനമായ നിരവധി പദ്ധതികൾ അവതരിപ്പിക്കുകയാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.