സഞ്ജു സാംസൺ സ്പീക്കിംഗ്

Saturday 16 August 2025 4:19 AM IST

ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഐ.പി.എല്ലിലും കേരളത്തിന്റെ മുഖമായ സഞ്ജു സാംസൺ ഇക്കുറി ആദ്യമായി കേരള ക്രിക്കറ്റ് ലീഗിൽ കളിക്കാൻ ഇറങ്ങുകയാണ്. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിൽ തന്റെ ചേട്ടൻ സലി സാംസണിന് കീഴിലാണ് സഞ്ജു കളിക്കുന്നത്. കെ.സി.എല്ലിനായുള്ള തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സഞ്ജു കേരള കൗമുദിയോട് സംസാരിക്കുന്നു.

? ആദ്യമായി കെ.സി.എല്ലിന് ഇറങ്ങുമ്പോൾ എന്തുകൊണ്ട് കൊച്ചി ബ്ളൂ ടൈഗേഴ്സ്

കെ.സി.എല്ലിൽ കളിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ കൊച്ചി ബ്ളൂ ടൈഗേഴ്സിനോട് താത്പര്യം തോന്നിയിരുന്നു.ലേലത്തിൽ എത്ര തുകയായാലും എന്നെ ടീമിലെടുക്കുമെന്ന് ബ്ളൂ ടൈഗേഴ്സ് ഉടമകളും പറഞ്ഞു. അവർ അതിനുവേണ്ടി പ്രവർത്തിച്ചു. ഭാഗ്യത്തിന് ഈ ടീമിൽതന്നെ എത്താനായി. ചേട്ടന്റെ ക്യാപ്ടൻസിക്ക് കീഴിൽ കളിക്കാൻ കഴിയുന്നതും നല്ലൊരു അനുഭവമാണ്.

? താരലേലത്തിൽ ചെലവഴിക്കാവുന്നതിന്റെ പകുതിയിലേറെയും സഞ്ജുവിനായാണ് മുടക്കിയത്

നമ്മൾ ലേലത്തിൽ വരുമ്പോൾ തന്നെ അറിയാമായിരുന്നു, എല്ലാ ടീമുകളും മത്സരിച്ചു വിളിക്കുമെന്ന്. പക്ഷേ എനിക്ക് മുടക്കാവുന്ന തുക എത്രയെന്നും അതുകഴിഞ്ഞ് ബാക്കിയുള്ള തുകകൊണ്ട് എങ്ങനെ ഒരു നല്ല ടീമിനെ സെറ്റ് ചെയ്യാമെന്നും ബ്ളൂടൈഗേഴ്സിന്റെ പരിശീലകരും മാനേജ്മെന്റും കണക്കുകൂട്ടിയിരുന്നു. എനിക്ക് 25 ലക്ഷം മുടക്കിയാൽ ബാക്കികൊണ്ട് ആരെയൊക്കെ ടീമിലെടുക്കണം, 26 ലക്ഷം മുടക്കിയാൽ എങ്ങനെ ടീമെടുക്കണം എന്നൊക്കെ പ്ളാൻ എ, പ്ളാൻ ബി, പ്ളാൻ സി ഒക്കെ തയ്യാറാക്കിയാണ് കോച്ച് റെയ്ഫി ചേട്ടനൊക്കെ ലേലത്തിന് പോയത്. അവരുടെ പ്ളാനിംഗാണ് ഇങ്ങനെയൊരു ടീമിനെ ഒരുക്കിയെടുത്തത്.

ഈ സീസണിലെ കൊച്ചി ബ്ളൂ ടൈഗേഴ്സ്

പുതിയ ഒരുപാട് പയ്യന്മാരുണ്ട്. അവർക്ക് ഇതൊരു നല്ല അവസരമായിരിക്കും. എല്ലാ പൊസിഷനിലും മികച്ച കളിക്കാർതന്നെയാണുള്ളത്. അവർക്കൊപ്പം നിന്ന്, പ്രചോദനം പകർന്ന് കളിക്കാനാണ് ഞാൻ ശ്രമിക്കുക. ട്വന്റി-20യിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഉൗർജ്ജമുള്ള ടീമാണിത്.

? സപ്പോർട്ടിംഗ് സ്റ്റാഫിന്റെ പിന്തുണ

ഈ ടീമിലേക്ക് വരുമ്പോൾതന്നെ ഞാൻ ഉടമകളോട് ആവശ്യപ്പെട്ട ഒരുകാര്യം മികച്ച സപ്പോർട്ടിംഗ് സ്റ്റാഫ് വേണമെന്നതാണ്. എങ്കിൽ മാത്രമേ നല്ലൊരു ടീം സെറ്റുചെയ്യാനാകൂ. അവർ അതിന് ഒപ്പം നിന്നു. ഹെഡ് കോച്ച് റെയ്ഫി വിൻസന്റ് ഗോമസ്, കോ​ച്ചിം​ഗ് ​ഡ​യ​റ​ക്ട​‍​ർ സി.​എം​ ​ദീ​പ​ക്ക്, സഹപരിശീലകരായ സാ​നു​ത്ത് ​ഇ​ബ്രാ​ഹിം,​ ​എ​സ്.​അ​നീ​ഷ് ,റോ​ബ​ർ​ട്ട് ​ഫെ​ർ​ണാ​ണ്ട​സ് തുടങ്ങിയവരൊക്കെ അടങ്ങുന്ന നല്ലൊരു ടീമാണ് ഞങ്ങൾക്കുള്ളത്. വ്യക്തിപരമായി എനിക്ക് ഇവരോടെല്ലാം വലിയ അടുപ്പമുണ്ട്. കാരണം ഞാൻ കേരളത്തിനായി കളിക്കാനെത്തുമ്പോൾ എന്റെ ചേട്ടന്മാരായി ടീമിലുണ്ടായിരുന്നവരാണ് ഇവരൊക്കെ. എന്റെ വളർച്ചയിൽ വഴികാട്ടികളും കൂട്ടുകാരുമായി ഒപ്പമുണ്ടായിരുന്നവർ. അവരോടൊപ്പം പങ്കിട്ട നല്ല മുഹൂർത്തങ്ങൾ മനസിലുണ്ട്. അവർക്കൊപ്പം വീണ്ടും ഒരുമിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്.

? കേരള ക്രിക്കറ്റ് ലീഗ് സൃഷ്ടിക്കുന്ന ഇംപാക്ട്

കേരളത്തിന് സ്വന്തമായി ഒരു ക്രിക്കറ്റ് ലീഗ് ഉണ്ടാകാൻ കുറച്ച് വൈകിയെങ്കിലും ഇപ്പോൾ ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നത് ഗുണകരമാണ്. പുതിയ കളിക്കാർക്ക് കടന്നുവരാൻ ഇതൊരു നല്ല വഴിയാണ്. അവസരങ്ങളും സാമ്പത്തിക പിന്തുണയും കിട്ടുന്നു എന്നതാണ് പ്രധാനം. പണ്ടൊക്കെ അണ്ടർ 23 കഴിഞ്ഞാൽ അവസരമില്ലായിരുന്നു. ഇപ്പോൾ ഇതുപോലുള്ള ലീഗുകളുണ്ട്. എത്രയോ കളിക്കാർക്ക് നല്ല വരുമാനം ലഭിക്കുന്നു. കെ.സി.എല്ലിനെ നന്നായി മാർക്കറ്റ് ചെയ്യാനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.

? കേരളത്തിലെ കളിക്കാരെക്കുറിച്ച് ഇന്ത്യൻ ഡ്രെസിംഗ് റൂമിലെ ചർച്ച

പിന്നേ...പണ്ടത്തെപ്പോലെയല്ല, നമ്മുടെ പിള്ളാരെക്കുറിച്ച് മിക്ക ഇന്ത്യൻ താരങ്ങളും ചോദിക്കാറുണ്ട്. അവൻ എങ്ങനെയുണ്ട്, ഇവന്റെ ബൗളിംഗ് എങ്ങനെയുണ്ടെന്നൊക്കെ. ഐ.പി.എല്ലിൽ അവരുടെ ടീമിലേക്ക് എടുക്കാൻ സൂര്യകുമാർ യാദവൊക്കെ പലരെയും പറ്റി തിരക്കിയിട്ടുണ്ട്. നമ്മടെ കളിക്കാരെക്കുറിച്ച് പറയുമ്പോൾ എനിക്ക് സന്തോഷവും അഭിമാനവും തോന്നും. രാജസ്ഥാൻ റോയൽസിലേക്ക് പലരെയും ഞാനും റെക്കമന്റ് ചെയ്തിട്ടുണ്ട്.

? പക്ഷേ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ശേഷം കേരളത്തിൽ നിന്നാരുമില്ല

ഐ.പി.എൽ ടീമിലെത്തിയാലും പ്ളേയിംഗ് ഇലവനിൽ ഇറങ്ങാൻ അവസരം കിട്ടുന്നില്ല എന്നതൊരു യാഥാർത്ഥ്യമാണ്. ധൈര്യപൂർവ്വം അവസരങ്ങൾ നൽകിയാലേ മികവ് പുറത്തെടുക്കാനാകൂ. എനിക്കുതന്നെ കോച്ച് ഗംഭീറും സൂര്യകുമാർ യാദവും തുടർച്ചയായി അവസരം തന്നതുകൊണ്ടാണ് ആത്മവിശ്വാസം ലഭിച്ചത്. അത്തരത്തിലുള്ള പിന്തുണകിട്ടിയാൽ നമ്മുടെ കളിക്കാരും മിന്നും. വിഷ്ണു വിനോദിനെപ്പോലുള്ളവരൊക്കെ സ്ഥിരമായി അവസരം ലഭിച്ചാൽ വെടിക്കെട്ട് ബാറ്ററായി തിളങ്ങും.

? പുതിയ സീസണിനുള്ള തയ്യാറെടുപ്പ്

ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണിന് ഒരുങ്ങുന്നത്. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതിന് ഫിറ്റ്നസ് ഒരു പ്രധാനഘടകമാണ്. അതിനുവേണ്ടി മസിലൊക്കെ ഇത്തിരി അടിച്ചുപെരുക്കിയിട്ടുണ്ട്. രാവിലെ ഫിറ്റ്നസ് ട്രെയ്നിംഗ്, വൈകിട്ട് ബാറ്റിംഗ് പ്രാക്ടീസ്. നല്ല കട്ടയ്ക്ക് പരിശ്രമിക്കുന്നുണ്ട്. നമുക്ക് അടിച്ചുപൊളിക്കാം !...

മറക്കില്ല, കേരള കൗമുദി

തന്റെ ചിത്രം അടിച്ചുവന്ന ആദ്യ പത്രം കേരളകൗമുദിയാണെന്ന് ഓർത്തെടുത്ത് സഞ്ജു സാംസൺ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ ബിജു ജോർജിന്റെ കോച്ചിംഗ് സെന്ററിൽ പരിശീലിക്കുമ്പോഴാണ് കേരള കൗമുദിയിൽ തന്നെക്കുറിച്ച് വാർത്തവന്നതെന്ന് സഞ്ജു പറഞ്ഞു. അണ്ടർ 13 മത്സരത്തിൽ ബാറ്റ് മുന്നോട്ടുവീശി നിൽക്കുന്ന ചിത്രമായിരുന്നു അതെന്നും സഞ്ജു ഓർത്തെടുത്തു.