അഹമ്മദാബാദ്, മുംബയ്,ഡൽഹി മെസിയുടെ ഇന്ത്യ ടൂർ ഡിസംബറിൽ
ന്യൂഡൽഹി: കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായെങ്കിലും അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തും. അഹമ്മദാബാദ്, മുംബയ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനാണിത്. ഇന്ത്യൻ സന്ദർശനത്തിന് മെസിയുടെ മാനേജർമാരുടെ അന്തിമ അനുമതി ലഭിച്ചതായി ചടങ്ങുകളുടെ പ്രൊമോട്ടർ ശതാദ്രു ദത്ത അറിയിച്ചു.
ഡിസംബർ 12ന് രാത്രി മെസി കൊൽക്കത്തയിലെത്തും. 13ന് അഹമ്മദാബാദിലും 14ന് മുംബയിലും 15ന് ഡൽഹിയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, ധോണി, വിരാട് കൊഹ്‌ലി, ശുഭ്മാൻ ഗിൽ, ടെന്നീസ് താരം ലിയാൻഡർ പെയ്സ് തുടങ്ങിയവരുമായി കൂടിക്കാഴ്ചയും നടന്നേക്കും.
റൊണാൾഡോ
എത്താനും സാദ്ധ്യത
പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ത്യയിലെത്താൻ സാദ്ധ്യത തെളിഞ്ഞു. ക്രിസ്റ്റ്യാനോ ഇപ്പോൾ കളിക്കുന്ന സൗദി ക്ളബായ അൽ നസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് രണ്ടാം ഡിവിഷനിൽ ഇന്ത്യൻ ക്ളബായ എഫ്.സി ഗോവയ്ക്ക് ഒപ്പം ഒരേ ഗ്രൂപ്പിലാണ്. എവേ മാച്ചിനായി സൗദി ക്ളബിന് ഗോവയിൽ കളിക്കാൻ വരണമെന്നതു കൊണ്ടാണിത്. അതേസമയം, സൗദിക്ക് പുറത്തേക്ക് കളിക്കാൻ പോകുന്നതിൽ ക്രിസ്റ്റ്യാനോയ്ക്ക് തീരുമാനമെടുക്കാമെന്ന് കരാറിൽ ഉള്ളതിനാൽ താരം ഗോവയിൽ എത്തുമെന്ന് ഉറപ്പില്ല.