അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ ആക്രമണം, പരിക്കേറ്റ സി.പി.എം പ്രവർത്തകൻ 13 വർഷത്തിനുശേഷം മരിച്ചു

Saturday 16 August 2025 1:11 AM IST

തളിപ്പറമ്പ് (കണ്ണൂർ): അരിയിൽ ഷുക്കൂർ വധത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ അരിയിൽ വള്ളേരി മോഹനൻ (60) മരിച്ചു. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം. കുറച്ചുദിവസം മുമ്പ് കടന്നൽകുത്തേറ്റ മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ഐ.സിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

2012 ഫെബ്രുവരി 20ന് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് ആശാരിപ്പണിക്കാരനായ മോഹനനെ ഒരു സംഘം ആക്രമിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മോഹനനെ തലയ്ക്കും കൈയ്‌ക്കും മാരകമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം കട്ടിലോട് കൂടി വീടിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സി.പി.എം ആരോപണം.

അക്രമിസംഘം മോഹനന്റെ മകനെയും പരിക്കേല്പിച്ചിരുന്നു. തലയിൽ വെട്ടേറ്റതിനെ തുടർന്ന് നാലുവർഷത്തോളം കിടപ്പിലായിരുന്ന മോഹനൻ പിന്നീട് ചെറിയതോതിൽ നടക്കാൻ തുടങ്ങിയിരുന്നു. തലയിൽ ഘടിപ്പിച്ച പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു ഭാഗികമായി ആരോഗ്യം വീണ്ടെടുത്തത്. എട്ടുദിവസം മുമ്പ് കടന്നൽ കുത്തേറ്റതിനെ തുടർന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ നില ഗുരുതരമാകുകയായിരുന്നു.

മോഹനനെ ആദ്യം പയ്യന്നൂർ സഹകരണ ആശുപത്രിയിലും പിന്നീട് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പിന്നീട് എ.കെ.ജി ആശുപത്രിയിലെത്തിച്ച് വീഴ്ചയിൽ തകരാർ സംഭവിച്ച തലയിലെ യന്ത്രം പുനഃ സ്ഥാപിക്കാനുള്ള ഓപ്പറേഷൻ നിശ്ചയിച്ചിരിക്കെയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ ഭാര്യ രാധയുടെ മാതമംഗലം പേരൂലിലെ വീട്ടിലേക്ക് കുടുംബം താമസം മാറ്റിയിരുന്നു.

പട്ടുവം പറപ്പൂൽ എ.വി.കൃഷ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ,ടി.വി.രാജേഷ്,എം.വിജിൻ എം.എൽ.എ,​സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 10ന് മാതമംഗലം പേരൂരിൽ നടക്കും. പരേതനായ കരിക്കൻ കുഞ്ഞിരാമൻ-വി.കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: രാധ (പരിയാരം ഗവ.മെഡിക്കൽ കോളേജ്), മക്കൾ: മിഥുൻ (കളക്ഷൻ ഏജന്റ്, എരമം കുറ്റൂർ സഹകരണ ബാങ്ക്),നിധിൻ.