ഓണം കളറാക്കാൻ പോക്കറ്റ് മാർട്ട്

Saturday 16 August 2025 12:14 AM IST

പത്തനംതിട്ട : കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി ഓൺലൈൻ വിപണന സാദ്ധ്യതകൾ ഉറപ്പാക്കുന്ന പോക്കറ്റ് മാർട്ട് പ്രവർത്തനമാരംഭിച്ചു. ഇത്തവണ ഓണം ആഘോഷിക്കാൻ ആവശ്യമായതെല്ലാം മിതമായ നിരക്കിൽ പോക്കറ്റ് മാർട്ടിലൂടെ വീടുകളിൽ എത്തും. 799 രൂപയുടെ ഗിഫ്റ്റ് ഹാംബറാണ് ഓൺലൈനായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഡെലിവറി ചാർജും ഉണ്ട്. കുടുംബശ്രീ ഓണം ഗിഫ്ട് ഹാമ്പർ വാങ്ങുമ്പോൾ ഫോട്ടോയും ഓണാശംസകളും ചേർത്ത് പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന ആശംസാകാർഡും സമ്മാനിക്കാം. പോക്കറ്റ് മാർട്ട് ഹാംബർ ഓർഡർ ചെയ്യുമ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്.

സി.ഡി.എസുകൾ വഴി നേരിട്ടും ഗിഫ്റ്റ് ഹാമ്പറുകൾ വീട്ടിലെത്തും. ജില്ലയിലെ എല്ലാ സി.ഡി.എസുകളും 75 ഗിഫ്റ്റ് ഹാംബറുകൾ വീതം തയ്യാറാക്കി ആകെ 4350 കിറ്റുകളാണ് വിൽപനയ്ക്ക് തയാറാക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന നൂറിലധികം ഉൽപന്നങ്ങൾ പോക്കറ്റ് മാർട്ടിലൂടെ ലഭിക്കും.

പോക്കറ്റ് മാർട്ട് ഓൺലൈൻ സ്റ്റോർ ആപ്പ് പ്ലേസ്‌റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം. സംസ്ഥാനത്ത് എവിടെ നിന്നും ആപ്പിലൂടെ ഓർഡർ ചെയ്യാം .

ചിപ്‌സ്, ശർക്കര വരട്ടി, പാലട ,സേമിയ പായസം മിക്‌സ് ,മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, അച്ചാറുകൾ തുടങ്ങിയ ഇനങ്ങൾ ഹാമ്പറിൽ ഉണ്ടാകും .

സി.ഡി.എസുകൾ വഴി നേരിട്ടും ഹാമ്പറുകൾ വീട്ടിലെത്തും