വിദ്യാർത്ഥികളുടെ പണം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്, കായികമേളയ്ക്ക് ഇനി സ്കൂൾ വിഹിതമില്ല
പത്തനംതിട്ട : സ്കൂൾ കായികമേളകളുടെ നടത്തിപ്പിനായി വിദ്യാർത്ഥികളിൽ നിന്ന് സ്പെഷ്യൽ ഫീസായി പിരിക്കുന്ന തുക മുഴുവൻ ഇനി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടയ്ക്കണം. ഹയർ സെക്കൻഡറിയിലെ ഒരു വിദ്യാർത്ഥിയിൽ നിന്ന് 75 രൂപയാണ് കായികമേള സ്പെഷ്യൽ ഫീസായി പിരിക്കുന്നത്. നേരത്തേ ഇതിൽ 21 രൂപ സ്കൂൾതല കായികമേളകൾ നടത്താനുള്ള വിഹിതമായി മാറ്റിയശേഷം ബാക്കിയാണ് അടയ്ക്കേണ്ടിയിരുന്നത്.
സ്‌പെഷ്യൽ ഫീസിനത്തിൽ 9, 10 ക്ലാസിലെ കുട്ടികളിൽ നിന്ന് 15 രൂപയും ഈടാക്കുന്നുണ്ട്. കഴിഞ്ഞവർഷം വരെ സ്‌കൂൾ കായികമേള നടത്തിപ്പിനുവേണ്ടി ഒരു വിദ്യാർത്ഥിക്ക് 21 രൂപ എന്ന് കണക്കാക്കി സ്‌കൂളിൽ നിലനിറുത്തിയിരുന്നു. സബ് ജില്ലാ വിഹിതം 12 രൂപ, ജില്ലാ വിഹിതം 15 രൂപ, സംസ്ഥാന കായികമേള നടത്തിപ്പിന് 27 രൂപ എന്നിങ്ങനെ 54 രൂപയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം രണ്ട് കോടിയിലേറെ രൂപ വിദ്യാഭ്യാസ വകുപ്പിന് അധിക വരുമാനം ലഭിക്കും.
സ്കൂൾതലമേളകൾ വെള്ളത്തിലാകും
മുമ്പ് ഫീസിലെ സ്കൂൾ വിഹിതം ഉപയോഗിച്ചാണ് സ്കൂൾതല കായികമേളകൾ നടത്തിയിരുന്നത്. പുതിയ ഉത്തരവിൽ സ്കൂളുകളിൽ കായികമേളയ്ക്ക് പണം എവിടെനിന്ന് ലഭിക്കുമെന്ന് പറഞ്ഞിട്ടില്ല. സ്കൂളുകളിലെ ഫണ്ടുകൾ ഉപയോഗിച്ചോ അദ്ധ്യാപകർ കയ്യിൽ നിന്നിട്ടോ നടത്തേണ്ടിവരും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാദ്ധ്യാപകർ സമരമുഖത്തായതിനാൽ ഇപ്പോൾതന്നെ കായികമേളകളുടെ നടത്തിപ്പ് ആശങ്കയിലാണ്.
സർക്കാരിന് രണ്ടുകോടിയുടെ അധികവരുമാനം
കായികമേള സ്പെഷ്യൽ ഫീസ്
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നൽകേണ്ടത് : 75
9, 10 ക്ലാസിലെ കുട്ടികൾ നൽകേണ്ടത് : 15
സ്കൂൾതല കായികമേളയുടെ ഫണ്ട് എങ്ങനെ കണ്ടെത്തണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നില്ല. ഇത് സ്കൂളുകളിൽ പ്രതിസന്ധിയുണ്ടാക്കും. കഴിഞ്ഞ കാലങ്ങളിൽ ഒരു കുട്ടിക്ക് 21രൂപ വീതം ചെലവഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അത് പുന:സ്ഥാപിക്കണം
പി.ചാന്ദിനി, എച്ച്.എസ്.ടി.എ സംസ്ഥാന സമിതിയംഗം