ജലസുരക്ഷ ഉറപ്പാക്കൽ... ജല ബഡ്ജറ്റിന് പിന്നാലെ നീർച്ചാൽ വീണ്ടെടുക്കൽ
കൊല്ലം: ജലലഭ്യതയും ഉപഭോഗവും സംബന്ധിച്ച കണക്കെടുപ്പ് (ജല ബഡ്ജറ്റ്) പൂർത്തിയാക്കിയ പഞ്ചായത്തുകളിലെ നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുക്കലിന് തുടക്കമായി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ജല ബഡ്ജറ്റ് പൂർത്തിയാക്കിയത്.
70 ശതമാനത്തിന് മുകളിൽ ഭൂജലം ഉപയോഗിക്കുന്ന മേഖലയിൽ (സെമി ക്രിട്ടിക്കൽ) ഉൾപ്പെട്ട മുഖത്തല, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട 12 ഗ്രാമപഞ്ചായത്തുകളിലാണ് നീർച്ചാൽ മാപ്പിംഗ് നടത്തുന്നത്.
കേരള സ്റ്റേറ്റ് ഐ.ടി മിഷൻ നടപ്പാക്കുന്ന മാപ്പത്തോൺ കേരള പ്രക്രിയയിൽ ഉൾപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള സന്ദർശനത്തിലൂടെയുമാണ് നീർച്ചാൽ ശൃംഖല കണ്ടെത്തുന്നത്. തുടർന്ന് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പാടശേഖര സമിതികൾ, തദ്ദേശവാസികൾ എന്നിവർക്ക് മുന്നിൽ വിഷയം അവതരിപ്പിക്കും.
പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെട്ട ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, ചിതറ, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ നീർച്ചാലുകളുടെ മാപ്പിംഗ് ഹരിതകേരളം മിഷൻ ഒരു വർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ മാപ്പിംഗിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ പുരോഗമിക്കുകയാണ്.
ഉടൻ പൂർത്തിയാക്കും
ജല ബഡ്ജറ്റ് അടുത്ത മാസത്തോടെ പൂർത്തിയാക്കും
പുഴ, തോട്, കുളം, കിണർ എന്നിവിടങ്ങളിലെ ജലലഭ്യത ശേഖരിക്കും
ജല ബഡ്ജറ്റ് റിപ്പോർട്ടിന് പിന്നാലെ നീർച്ചാൽ മാപ്പിംഗും പൂർത്തിയാക്കും
നീർച്ചാലുകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനാണ് ജല ബഡ്ജറ്റിന് പിന്നാലെ മാപ്പിംഗ് ആരംഭിച്ചത്. സെമി ക്രിട്ടിക്കൽ ബ്ലോക്കുകളിലെ മാപ്പിംഗ് ഈ മാസം തന്നെ പൂർത്തീകരിക്കാനാണ് ശ്രമം
ഹരിതകേരളം മിഷൻ അധികൃതർ