വിക്ടോറിയ ആശുപത്രിയിൽ... ഐ.വി.എഫ് സെന്റർ ആറ് വർഷമായി ഉറക്കത്തിൽ
കൊല്ലം: കുട്ടികളില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്കായി ജില്ലാ പഞ്ചായത്ത് വിക്ടോറിയ ആശുപത്രിയിൽ ലക്ഷ്യമിട്ട ഐ.വി.എഫ് സെന്റർ ആറ് വർഷമായി ഫയലിൽ ഉറങ്ങുന്നു. പദ്ധതിക്കായി വകയിരുത്തിയ മൂന്നരക്കോടി രൂപ പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി എന്നിവർക്കായി കൈമാറി വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ നടത്താതെ ജില്ലാ പഞ്ചായത്ത് അധികൃതർ.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുന്നതിനാൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വന്ധ്യതാ ചികിത്സ അപ്രാപ്യമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് വിക്ടോറിയ ആശുപത്രിയിൽ ഐ.വി.എഫ് സെന്റർ തുടങ്ങാൻ തീരുമാനിച്ചത്.
കെട്ടിട നിർമ്മാണത്തിനായി രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പിനും ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ ഒന്നരക്കോടി രൂപ കെ.എസ്.ഇ.ബിക്കും പലിശരഹിതമായി ആറുവർഷം മുമ്പ് കൈമാറി. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിച്ചെങ്കിലും ഏറ്റെടുത്ത കരാറുകാരൻ പിന്നീട് ഉപേക്ഷിച്ചു. അതിന് ശേഷം വീണ്ടും ടെണ്ടർ ക്ഷണിക്കാനുള്ള ഇടപെടൽ ജില്ലാ പഞ്ചായത്തിന്റെയും വിക്ടോറിയ ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
സ്വകാര്യന്മാർക്കായി അട്ടിമറി
സ്വകാര്യ ആശുപത്രിയിൽ ഐ.വി.എഫ് ചികിത്സയ്ക്ക് ലക്ഷങ്ങൾ
പാവപ്പെട്ടവർക്ക് ചികിത്സ അപ്രാപ്യം
സെന്റർ യാഥാർത്ഥ്യമായാൽ കുറഞ്ഞ ചെലവിൽ ചികിത്സ
ലക്ഷ്യം വിക്ടോറിയ ആശുപത്രിയെ വന്ധ്യതാ ചികിത്സാ ഗവേഷണ കേന്ദ്രമാക്കുക
ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഐ.വി.എഫ് ട്രീറ്റ്മെന്റ് സെന്റർ
പദ്ധതി അട്ടിമറിച്ചത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആരോപണം
ഐ.വി.എഫ്
1. നൂതന ബീജ സങ്കലന പ്രക്രിയ 2. അണ്ഡവും ബീജവും ശേഖരിക്കും 3. ലാബിൽ വച്ച് ബീജസങ്കലനം 4. ഭ്രൂണം ഗർഭപാത്രത്തിലേക്ക് മാറ്റും
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വിക്ടോറിയയിൽ ഐ.വി.എഫ് സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്. പണവും കൈമാറി. വിക്ടോറിയ ആശുപത്രി അധികൃതരാണ് ഇടപെടൽ നടത്തേണ്ടത്. ഇത്രയും വൈകിയ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് ശക്തമായി ഇടപെടും.
അനിൽ.എസ് കല്ലേലിഭാഗം
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ