സാർവദേശീയ സാഹിത്യോത്സവം നാളെ

Saturday 16 August 2025 1:07 AM IST

തൃശൂർ: സാഹിത്യ അക്കാഡമി സാർവദേശീയ സാഹിത്യോത്സവം രണ്ടാം പതിപ്പ് നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ബഷീർ വേദിയിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. 21വരെ നടക്കുന്ന സാഹിത്യോത്സവത്തിന് അക്കാഡമി ഓഡിറ്റോറിയവും ചങ്ങമ്പുഴ മന്ദിരവും പ്രത്യേകപ്പന്തലും വേദിയാകും. സംവാദസംഭാഷണങ്ങൾ,കലാസാംസ്‌കാരിക പരിപാടികൾ, നാടകം തുടങ്ങിയവ എഴുപതോളം സെഷനുകളിലായി നടക്കുമെന്ന് അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ അറിയിച്ചു. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് സെഷനുകൾ. പലസ്തീൻ കവിയും പത്രപ്രവർത്തകയുമായ അസ്മാ അസൈസി,ടിബറ്റൻ കവിയും ആക്ടിവിസ്റ്റുമായ ടെൻസിൻ സുണ്ടു,നേപ്പാളി കവികളായ ഭുവൻ തപാലിയ,അമർ ആകാശ് എന്നിവരാണ് രാജ്യാന്തര പാനലിലുള്ളത്. ജയരാജ് വാര്യർ അവതരിപ്പിക്കുന്ന എം.എസ്.ബാബുരാജ് ഗാനസന്ധ്യ,തൃശൂർ പഞ്ചമി തിയറ്റേഴ്‌സിന്റെ നാടകം 'പൊറാട്ട്', തിരുവനന്തപുരം ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ നൃത്തം,രാജീവൻ പണിക്കർ കോയോങ്കരയും സംഘത്തിന്റെയും മറത്തുകളി തുടങ്ങിയവയുണ്ടാകും. എം.ടിയുടെ മഞ്ഞ്, നാലുകെട്ട് എന്നീ നോവലുകളെ അടിസ്ഥാനമാക്കി തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ മനോജ് ഡി.വൈക്കത്തിന്റെ ഫോട്ടോഗ്രഫി പ്രദർശനവും നടക്കും. 21ന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ഓഡിറ്റോറിയത്തിന് എം.ടിയുടെ പേര്

അക്കാഡമിയിലെ പ്രധാന ഓഡിറ്റോറിയം 'എം. ടി ഓഡിറ്റോറിയം' എന്ന് അറിയപ്പെടും.നാളെ മുഖ്യമന്ത്രി നാമകരണം നിർവഹിക്കും. 'ലളിതാംബിക അന്തർജനം സ്മാരക ലൈബ്രറി' എന്ന പേര് 21ന് ലൈബ്രറിക്ക് നൽകും.