ഔട്ട് ഗോയിംഗ് വേണ്ട: പക്ഷേ പൊലീസിനെ വിളിക്കാം 112ൽ

Saturday 16 August 2025 1:23 AM IST

തിരുവനന്തപുരം: ഔട്ട് ഗോയിംഗ് സൗകര്യമില്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായതോ ആയ നമ്പറുകളിൽ നിന്നും 112ൽ പൊലീസിനെ വിളിക്കാം. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112ൽ വിളിക്കാം. നവീകരിച്ച 112ൽ പ്രതികരണ സമയത്തിൽ മൂന്ന് മിനിറ്റോളം കുറവുണ്ടാവും. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പിലെ എസ്.ഒ.എസ് ബട്ടൺ വഴിയും 112ൽ വിളിക്കാം.

നിലവിൽ പരാതി നൽകാനുള്ള ഫോൺ, എസ്.ഒ.എസ്, എസ്.എം.എസ്, ഇ-മെയിൽ സംവിധാനങ്ങൾക്ക് പുറമെ വാട്സ്ആപ്പ്, വെബ് റിക്വസ്റ്റ്, ചാറ്റ്ബോട്ട് എന്നിവ വഴിയും ഇനി പരാതികൾ രജിസ്റ്റർ ചെയ്യാനാവും. ലൊക്കേഷൻ ബേസ്ഡ് സർവീസ്, എമർജൻസി ലൊക്കേഷൻ സർവീസ് സംവിധാനങ്ങളുപയോഗിച്ച് പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിഞ്ഞ് പൊലീസിന് സ്ഥലത്തെത്താനാവും. പൊലീസ് വാഹനങ്ങളിലും ടാബ്‌ലെറ്റ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും ഇനി കഴിയും.

കേരളത്തിലെവിടെ നിന്നും 112ലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ സേവനമെത്തിക്കേണ്ട പൊലീസ് വാഹനത്തിലേയ്ക്ക് കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.