ഡിജിറ്റൽ സാക്ഷരതയിൽ കേരളം നമ്പർ വൺ , പ്രഖ്യാപനം 21ന് മുഖ്യമന്ത്രി നടത്തും

Saturday 16 August 2025 1:25 AM IST

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കിയ 'ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി" വിജയകരമായി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം 21ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നടത്തും.

സ്മാർട്ട് ഫോൺ, ഡിജിറ്റൽ പണമിടപാട്, സർക്കാർ സേവനങ്ങൾ എന്നിവ ഓൺലൈനായി ഉപയോഗപ്പെടുത്തുന്നതിൽ 14നും 65നുമിടയിലുള്ളവരെല്ലാം പ്രാപ്തി കൈവരിച്ചതോടെയാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. 2022 മുതൽ നാലു വർഷത്തെ

പ്രയത്ന ഫലമാണിത്. കുടുംബശ്രീ, സാക്ഷരതാമിഷൻ പ്രേരക്മാർ,എസ്.സി,എസ്.ടി പ്രൊമോട്ടർമാർ,തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളവർ, എൻ.എസ്.എസ്,എൻ.സി.സി, എൻ.വൈ.കെ.എസ് സന്നദ്ധസേനാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ, ഐ.ഇ.ഇ.ഇ,യുവജനക്ഷേമ ബോർഡ്,സന്നദ്ധ സംഘടനകൾ,വിദ്യാർത്ഥികൾ എന്നിവരിൽ ഉൾപ്പെട്ട 2,57,000 വോളന്റിയർമാരാണ് ഇതിനായി രംഗത്തിറങ്ങിയത്.രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര ഗ്രാമപപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം

പുല്ലമ്പാറയിൽ നിന്നാരംഭിച്ച പദ്ധതി ഡിജി കേരളമെന്ന പേരിൽ വ്യാപിപ്പിക്കുകയായിരുന്നു.

ഡിജി കേരളം:

മൂന്ന് ഘട്ടങ്ങൾ

വിവര ശേഖരണം,പരിശീലനം,അവലോകനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഡിജികേരളം നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ ഡിജിറ്റൽ അറിവില്ലാത്തവരെ കണ്ടെത്താൻ സർവേ. രണ്ടാം ഘട്ടത്തിൽ, സാധാരണക്കാർക്കും മനസിലാകുന്ന പരിശീലന മൊഡ്യൂളുകളുടെ സഹായത്തോടെ സ്മാർട്ട് ഫോൺ ഉപയോഗം,ഇന്റർനെറ്റ് ബ്രൗസിംഗ്,ഓൺലൈൻ സർക്കാർ സേവനങ്ങളുടെ ഉപയോഗം എന്നിവയ്ക്കായുള്ള പരിശീലനം .മൂന്നാം ഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ ഡിജിറ്റൽ സാക്ഷരത വിലയിരുത്തി.

ഡിജിറ്റൽ

സാക്ഷരത

സ്മാർട്ട്ഫോൺ ഉപയോഗം, ഇന്റർനെറ്റ് ബ്രൗസിംഗ്, ഓൺലൈൻ സർക്കാർ സേവനങ്ങളുടെ ഉപയോഗം,മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയെക്കുറിച്ച് അറിയാനും,ഡിജിറ്റൽ ഇടപാടുകൾ നടത്താനുമുള്ള പ്രാപ്തി.

കേരളത്തിന്റെ

നേട്ടം

*14നും 65നും ഇടയിൽ പ്രായമുള്ളവരിൽ 99.98%പേരും ഡിജിറ്റൽ സാക്ഷരത നേടി.

*1034 തദ്ദേശ സ്ഥാപനങ്ങളിൽ 1005 എണ്ണം 'ഡിജി കേരളം" പദ്ധതിയിലൂടെയും 29 എണ്ണം

വിവിധ പദ്ധതികളിലൂടെയും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

*83,45,879കുടുംബങ്ങളിലായി 65 വയസിൽ താഴെയുള്ള 1,50,82,536പേരിൽ ഡിജിറ്റൽ

സാക്ഷരതയില്ലെന്ന് കണ്ടെത്തിയ 21,88,398 പേർക്ക് പരിശീലനം നൽകി .

*ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുഖേനയുള്ള വിലയിരുത്തലിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സാക്ഷ്യപ്പെടുത്തി.

* ഡിജികേരളം പദ്ധതിയനുസരിച്ച് 2,57,000 വോളന്റിയർമാർ ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകി.