കർദ്ദിനാൾ മാർ ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആരംഭിച്ചു

Saturday 16 August 2025 2:47 AM IST

തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ആരംഭിച്ചു. രാവിലെ നടന്ന സമൂഹബലിക്ക് ശേഷം മാർ ക്ലീമിസ് ബാവ ജൂബിലി തിരി തെളിച്ചു. ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, മാത്യൂസ് മാർ പോളിക്കാർപ്പോസ്, ആന്റണി മാർ സിൽവാനോസ് എന്നിവരും നൂറിലധികം വൈദികരും സമൂഹബലിയിൽ സഹകാർമ്മികരായിരുന്നു.

2001 ആഗസ്റ്റ് 15നാണ് വൈദികനായിരുന്ന ഫാ.ഐസക് തോട്ടുങ്കൽ ഐസക് മാർ ക്ലീമിസ് എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നത്. തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും അപ്പോസ്‌തലിക് വിസി​റ്റേ​റ്ററുമായിട്ടായിരുന്നു ആദ്യനിയമനം. 2003ൽ തിരുവല്ല രൂപതയുടെ അദ്ധ്യക്ഷനായി. 2006ൽ തിരുവല്ല അതിരൂപതയായപ്പോൾ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി. 2007 മാർച്ച് 5ന് ബസേലിയോസ് ക്ലീമിസ് എന്ന പേരിൽ മേജർ ആർച്ചുബിഷപ്പായി. 2012 ഒക്ടോബർ 24ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ സാർവത്രിക സഭയിലെ കർദ്ദിനാളായി നിയമിച്ചു.

41-ാമത്തെ വയസിൽ മെത്രാനായ ഇദ്ദേഹം ഭാരതത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെത്രാനും ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളുമാണ്. രണ്ട് മാർപാപ്പമാരെ തിരഞ്ഞെടുക്കുവാനുള്ള കോൺക്ലേവിൽ സംബന്ധിച്ചിട്ടുണ്ട്. 2014 മുതൽ 2018 വരെ രണ്ട് തവണ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) തലവനായിരുന്നു. ഇപ്പോൾ കെ.സി.ബി.സിയുടെ പ്രസിഡന്റാണ്.