ചരിത്രം സൃഷ്ടിച്ച് 'അമ്മ' നയിക്കാൻ വനിതകൾ

Saturday 16 August 2025 2:50 AM IST

കൊച്ചി: പുരുഷാധിപത്യമുള്ള സംഘടനയെന്ന ആക്ഷേപത്തിൽ നിന്ന് താരസംഘടനയായ 'അമ്മ' മാറുകയാണ്. പ്രസിഡന്റടക്കം നാല് പ്രധാന സ്ഥാനങ്ങളിലെത്തിയത് വനിതകൾ. അമ്മയുടെ 31 വർഷചരി​ത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിൽ വനിതകൾ എത്തുന്നത്. വിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളും നിറഞ്ഞ വാശിയേറിയ തിരഞ്ഞെടുപ്പിലാണ് വനിതകൾ പ്രധാന സ്ഥാനത്തേക്ക് വിജയിച്ചു കയറിയത്.

സിനിമയ്‌ക്കുള്ളിലെ സ്ത്രീപീഡനം ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളിൽ പുരുഷതാരങ്ങൾക്ക് അനുകൂലമായ നിലപാട് അമ്മ സ്വീകരിച്ചെന്ന പരാതി സംഘടനയ്ക്കുള്ളി​ൽ നിന്നുതന്നെ ഉയർന്നിരുന്നു. സിനിമയിലെ വനിതാകൂട്ടായ്‌മ (ഡബ്ല്യു.സി.സി) രൂപീകൃതമായതും പ്രമുഖ നടിമാർ രാജിവച്ചതും ഇത്തരം പ്രശ്‌നങ്ങളുടെ പേരിലായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ശ്വേത മേനോനെതിരെ കേസെടുത്തതും വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനയിലെ ചിലർ സൃഷ്‌ടിച്ചതാണ് കേസെന്ന ആരോപണം ഉയർന്നിരുന്നു.

അമ്മയിൽനിന്ന് രാജിവച്ച പ്രമുഖ നടിമാരെ തിരിച്ചെത്തിക്കുക എന്നതുൾപ്പെടെ നിരവധി വെല്ലുവിളികൾ പുതിയ കമ്മിറ്റിക്ക് മുന്നിലുണ്ട്. പിണങ്ങിപ്പോയവർ തിരിച്ചുവരണമെന്നും ആവശ്യമെങ്കിൽ അവരെ നേരിട്ടു വിളിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ടശേഷം ശ്വേത മേനോൻ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന അംഗങ്ങളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

ശ്വേത മേനോൻ

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് 51 കാരിയായ ശ്വേത മേനോൻ. 1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് സൗന്ദര്യമത്സരത്തിൽ കിരീടം നേടി. 2009, 2011 വർഷങ്ങളിൽ സംസ്ഥാന സിനിമാ അവാർഡും രണ്ടുതവണ ഫിലിംഫെയർ അവാർഡും നേടി. മലപ്പുറം വളാഞ്ചേരി സ്വദേശിയും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായിരുന്ന നാരായണൻകുട്ടി മേനോന്റെയും ശാരദാമേനോന്റെയും മകളാണ്. ശ്രീവത്സൻ ജെ. മേനോനാണ് ഭർത്താവ്. മകൾ: സബൈന മേനോൻ. 1994ലെ മിസ് ഇന്ത്യ മത്സരത്തിൽ സുസ്‌മിത സെൻ, ഐശ്വര്യ റായി എന്നിവർക്ക് പിന്നിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി.

1991ൽ അനശ്വരം ആണ് ആദ്യമലയാള സിനിമ. തന്ത്ര, കീർത്തിചക്ര, പരദേശി, മദ്ധ്യവേനൽ, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റ കഥ, രതിനിർവേദം, സാൾട്ട് ആൻഡ് പെപ്പർ, നവൽ എന്ന ജുവൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

കുക്കു പരമേശ്വരൻ

സിനിമാ,നാടകനടിയും നർത്തകിയും ഡബ്ബിംഗ് കലാകാരിയും ഫാഷൻ ഡിസൈനറുമാണ് കുക്കു പരമേശ്വരൻ. ഒരേ തൂവൽപക്ഷികളിലെ അഭിനയത്തിന് 1988ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 1985ൽ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയിലൂടെയാണ് തുടക്കം. കോട്ടൺ മേരി എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു. ഒരിടത്ത്, മൂന്നിലൊന്ന്, കഴകം, സമ്മോഹനം, വാനപ്രസ്ഥം, ജനം, അനന്തരം, നിഴൽക്കൂത്ത്, കന്നത്തിൽ മുത്തമിട്ടാൽ, അവകാശികൾ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. സംവിധായകൻ മുരളിമേനോനാണ് ഭർത്താവ്. മകൻ: വിശാഖ് മേനോൻ.