മതപരിവർത്തനത്തെ ഗുരുദേവൻ എതിർത്തു : തുഷാർ വെള്ളാപ്പള്ളി
പന്തളം: മതപരിവർത്തനത്തെ ശ്രീനാരായണ ഗുരുദേവൻ എതിർത്തിരുന്നതായി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.. യോഗം പന്തളം യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെറിറ്റ് ഡേയും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവ സമൂഹത്തിന്റെ ഉയർച്ചയ്ക്കും മുന്നേറ്റത്തിനുമാണ് എസ്.എൻ.ഡി.പിയോഗം രൂപീകരിച്ചത്. ബൈലോയിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഒരു വിഭാഗം എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും ഗുരുദേവ ദർശനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധാരണ പരത്തുകയും അതുവഴി സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുകയുമാണ് സ്വത്തബോധം നഷ്ടപ്പെട്ട് സമൂഹത്തിൽ പിന്നാക്കം പോയിരുന്ന ഈഴവ സമൂഹം ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ അംഗമായി നിയമിതനായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ഗുരുധർമ്മ പ്രചാരകൻ കെ.കെ.തങ്കച്ചൻ, സിവിൽ സർവീസ് ജേതാവ് സ്വാതി.എസ്, ജീവകാരുണ്യ പ്രവർത്തകൻ വി.കെ.രാജു കാവുമ്പാട്, മികച്ച സംഘടനാ പ്രവർത്തകരായ എസ്. ആദർശ്, സുരേഷ് മുടിയൂർക്കോണം, ഡോ.പുഷ്പാകരൻ എന്നിവരെ തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അനുമോദിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ പ്രസാദ്, യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ എന്നിവർ പ്രസംഗിച്ചു.