ഫാൻസി നമ്പർ കിട്ടാനില്ല, സർക്കാരിനുണ്ടാകുന്നത് ലക്ഷങ്ങളുടെ നഷ്ടം; അടിയന്തരമായി പരിഹരിക്കണമെന്ന് അധികൃതർ

Saturday 16 August 2025 12:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഫാൻസി നമ്പർ കിട്ടുന്നത് മുടങ്ങിയിട്ട് രണ്ട് ആഴ്ചയിൽ അധികമായി, വാഹന്‍ ആപ്പിലെ തകരാറ് കാരണമാണ് നിലവിലെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. തകരാര്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുന്നയിച്ച് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് സി എച്ച് നാഗരാജു കത്തയച്ചിട്ടുണ്ട്.

ലക്ഷങ്ങളാണ് ഫാന്‍സി നമ്പറുകള്‍ക്ക് ലഭിക്കുക. ഇത് ലഭിക്കാതിരിക്കുന്നതോടെ സര്‍ക്കാരില്‍ വരുമാന നഷ്ടമുണ്ടാകും. ആകര്‍ഷകമായതോ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായതോ ആയ നമ്പറാണ് വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍. 0001,7777 തുടങ്ങിയ രീതിയിലുള്ള നമ്പറുകളാണ് ഫാന്‍സി നമ്പര്‍. ഈ നമ്പര്‍ പൊതുവേ ലേലം വഴിയാണ് വില്‍ക്കുന്നത്.