വിഷമവൃത്തം

Sunday 17 August 2025 4:19 AM IST

നേരം പുലർന്നതേയുള്ളൂ

നടക്കാനിറങ്ങിയതാണ് ഞാൻ

മഴ പെയ്യുമോർത്തില്ല

കുടയുമെടുത്തില്ല

നനഞ്ഞു കുളിർന്നു നടക്കുമ്പോൾ

ചേറിൽക്കിടന്നോരു പുല്ലാങ്കുഴൽ

നിലവിളിച്ചോണ്ടെന്റെ

ചുണ്ടോടടുക്കുന്നു.

മലരണിക്കാട്ടിലെ

പൂമരച്ചില്ലയിൽ

ഒരു കവി കയറിൽ കുരുങ്ങി

പിടയ്‌ക്കുന്ന ദൃശ്യമൊരാന്തലായ്

ഉള്ളിൽ തെളിയുന്നു.

നട്ടുച്ചയായിരിക്കുന്നു

കളക്‌ടറേറ്റ് ധർണ കഴിഞ്ഞു മടങ്ങവേ

വീടടുക്കാറായ്

തെരുവുനായ്‌ക്കൂട്ടം

വളയുമെന്നോർത്തില്ല

കടിച്ചുപറിച്ചു കുടയുമെന്നോർത്തില്ല

നിലവിളിച്ചോണ്ടു ഞാൻ

വഴിയിൽ പിടയുമ്പോൾ

ഓടിയടുത്തവർ

ഓട്ടോയിൽ കേറ്റുന്നു.

പാമ്പുകടിയേറ്റ സഖാവിനെ

കൂട്ടുകാർ ചുമലിലെടുത്തോണ്ടു

പോകുന്ന ദൃശ്യമോരാന്തലായ്

ഉള്ളിൽ തെളിയുന്നു.

രാവേറെയായല്ലോ

പ്രതിഷേധയോഗം കഴിഞ്ഞു

മടങ്ങി നടന്നു ഞാൻ

ലഹരി സർപ്പങ്ങൾ

വളയുമെന്നോർത്തില്ല

തെറിപ്പൂരം ഹൃദയം

തുളയ്‌ക്കുമെന്നോർത്തില്ല

കത്തിയും വാളുമെൻ

നെഞ്ചോടടുക്കുമ്പോൾ

കരൾ പിളർന്നുച്ചത്തിൽ

നിലവിളിക്കുന്നു ഞാൻ,

വർഗീയ തീയുണ്ട

നെഞ്ചിൽ തറഞ്ഞ്

മഹാത്മജി പിടഞ്ഞു

വീഴുന്ന ദൃശ്യമോരാന്തലായ്

ഉള്ളിൽ തെളിയുന്നു...

ഇങ്ങനെയിങ്ങനെ

അപകടക്കെണികൾ

പുളയ്ക്കുമ്പോൾ

ആന്തൽ ദൃശ്യങ്ങൾ

മനസിൽ നിറയുമ്പോൾ

ചത്തിട്ടും ചാകാതെ

വിഷമവൃത്തത്തിൽ

വെന്തു നീറുന്നു ഞാൻ.