ഇപ്പോൾ ആയിരം രൂപ, ഓണമാകുന്നതോടെ വില നാലിരട്ടിയോളമെത്തും; മലയാളികളെ പിഴിയാൻ അവർ കാത്തിരിക്കുകയാണ്

Saturday 16 August 2025 12:24 PM IST

കോട്ടയം : കുടുംബാംഗങ്ങളോട് ഒപ്പം ഓണം ആഘോഷിക്കണമെങ്കിൽ മറുനാടൻ മലയാളികളുടെ കീശ കീറും. പിഴിയാൻ അന്തർസംസ്ഥാന ബസ് സ്വകാര്യ ബസ് ലോബി കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ ഓണാഘോഷച്ചെലവിന് പിന്നാലെ നല്ലൊരു പൈസ കൂടി കൈയിൽ കരുതിയാൽ നാട്ടിലെത്താം.

ഇപ്പോൾ സാധാരണ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്ക് 1000- 2000 രൂപയാണെങ്കിൽ ഓണ നാളുകളിൽ അത് 2200 -4000 രൂപയിലേക്ക് ഉയരും. ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ ഉത്രാട നാളിൽ ഇപ്പോഴുള്ള പരമാവധി നിരക്ക് 3500- 3600 രൂപയാണ്. ഇതും കൂടും. ചെന്നൈയിൽ നിന്നും സമാന അവസ്ഥയാണ്. ഈ മാസം 30 മുതൽ തുടങ്ങുന്ന നിരക്ക് ഉത്രാടം വരെ നീളും. കോട്ടയത്ത് നിന്നു ബംഗളൂരുവിലേക്ക് ഓണപ്പിറ്റേന്ന് മുതൽ സെപ്തംബർ ഏഴു വരെയാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നിലവിലോടുന്ന ബംഗളുരു സർവീസുകളിൽ ടിക്കറ്റ് ഏറെക്കുറെ പൂർണമായി. സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കുന്നതിലാണ് യാത്രക്കാരുടെ പ്രതീക്ഷ.

ട്രെയിൻ കുറവ് മുതലെടുത്ത്

ബംഗളൂരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലെല്ലാം സ്വകാര്യ കമ്പനികൾ ഓണ നാളുകളിൽ ആവശ്യം പോലെ സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. മുപ്പതോളം സർവീസുകൾ വരെ കോട്ടയം വഴി കടന്നു പോകുന്ന ദിവസങ്ങളുണ്ട്. ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ട്രെയിൻ കുറവാണെന്നതും സ്വകാര്യ ബസ് കൊള്ള തടസമില്ലാതെ തുടരാൻ സഹായിക്കുന്നു. സംസ്ഥാനത്തിനകത്ത് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കു ഓണ നാളുകളിൽ സ്വകാര്യ കമ്പനികളുടെ കൂടുതൽ സർവീസുണ്ടാകും. ദീർഘദൂര പെർമിറ്റ് പരിധിയിൽ തട്ടി നിരവധ സ്വകാര്യ ബസ് കമ്പനികളുടെ മലബാർ സർവീസ് ഇല്ലാതായിരുന്നു. ഈ സ്ഥലങ്ങളിലേക്കെല്ലാം കോൺട്രാക്ട് കാര്യേജായി ഓടുന്ന സർവീസുകൾ ഓണനാളുകളിലുണ്ടാകും,

വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരും

29 വെള്ളിയായതിനാൽ ഐ.ടി ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വണ്ടി കയറും. ഈ ദിവസങ്ങളിൽ ട്രെയിനിന് സീറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. ഇതാണ് ബസുകളെ ആശ്രയിക്കേണ്ടി വരുന്നത്. ബംഗളൂരു, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിൽ പഠിക്കുന്നവരും ഐ.ടി. ജീവനക്കാരുമാണ് ഏറെയും യാത്രക്കാർ.

''എല്ലാ സീസണിലും ഇതാണ് അവസ്ഥ. ഇതിന് നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിന് കഴിയുന്നില്ല.

ഗോവിന്ദ്, ടെക്കി ബംഗളൂരു