ഇമ്പം ആണ് ഇമ്പാച്ചി
പണ്ട് പണ്ട്.... അത്ര പണ്ടൊന്നുമല്ല...
കുറച്ചു വർഷം മുൻപ് അർജുൻ മേനോൻ എന്ന മകന് അച്ഛൻ ഒരു കഥ പറഞ്ഞുകൊടുത്തു. രാത്രി പേടിപ്പെടുത്താൻ വരുന്ന 'ഇമ്പാച്ചി"യുടെ കഥ. കൊച്ചിയിൽ ജനിച്ചു വളർന്ന് ബംഗളൂരുവിൽ എൻജിനിയറിംഗ് പഠിച്ച് അവിടെ ജോലി ചെയ്ത് പിന്നീട് 'സ്ട്രീറ്റ് അക്കാദമിക്സ് "എന്ന സംഗീത ബാന്റിൽ എത്തുന്നു. അർജുൻ മേനോൻ വളർന്നപ്പോഴും 'ഇമ്പാച്ചി" ഉള്ളിൽ നിന്ന് ഇറങ്ങിപോയില്ല. 'ദ ഇമ്പാച്ചി" എന്ന പേരിൽ അർജുൻ മേനോൻ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ കയറി ഇരിക്കുന്നു. 'മീശ" യിലെ 'മുസ്റ്റാഷ് " പാട്ട് ആവേശക്കടൽ തീർക്കുമ്പോൾ 'സാഹസം" സിനിമയുടെ പ്രൊമോ ഗാനവും എത്തി. 'വല" യുടെ പ്രൊമോ വരാൻ പോകുന്നു. പ്രതീക്ഷയോടെ അഭിനയത്തിലും കൈവയ്ക്കാൻ ആഗ്രഹിക്കുന്ന ഇമ്പാച്ചി സംസാരിച്ചു.
മീശയിലെ 'മുസ്റ്റാഷ് " എന്ന പ്രൊമോ ഗാനം 1. 3 മില്യൺ കടന്ന് മുന്നേറുമ്പോൾ ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചോ ? 'മീശ" വലിയ അവസരമായാണ് കാണുന്നത്.'റൈഫിൾ ക്ലബ് "കഴിഞ്ഞ് ആദ്യ സിനിമയായാണ് മീശ വരുന്നത്. ട്രാക്ക് കേട്ടപ്പോഴേ ഹിറ്റാകാൻ സാധ്യതയുണ്ടെന്ന് തോന്നി. സാധാരണ റാപ് അല്ലെങ്കിൽ ഹിപ്ഹോപ്പ് പാട്ടുകളുടെ ബീറ്റിൽ നിന്ന് സൂരജിന്റേത് വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയും ഉണ്ടായി . 'സരിഗമ"യുടെ ഭാഗത്ത് നിന്ന് ഒരുപാട് സഹായങ്ങൾ ലഭിച്ചു. പിന്നെ 'വികൃതി" കണ്ടത് മുതൽ എംസി ജോസഫ് ഫാൻ ആയിരുന്നു. എംസിയുടെ പുതിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണ്. 'മുസ്റ്റാഷ് " പാട്ടിന് കിട്ടുന്ന സ്വീകാര്യതയിൽ ഒരുപാട് സന്തോഷവും കടപ്പാടുമുണ്ട്.
സൂരജ് എസ്. കുറുപ്പ്- ഇമ്പാച്ചി കൂട്ടുകെട്ടായി മാറുകയാണോ? സൂരജിന്റെ കൂടെ ഇനിയും പ്രൊജക് ടുകൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഒപ്പം പ്രവർത്തിക്കുന്നത് അത്രയും എളുപ്പമാണ്. ഞാൻ സ്വതന്ത്ര സംഗീത മേഖലയിൽ നിൽക്കുന്ന വ്യക്തി , സൂരജേട്ടൻ കെമേഴ്സ്യൽ മേഖലയിലും. എന്നെ അതിലേക്ക് ഉൾക്കൊള്ളിച്ചാണ് പ്രവർത്തിച്ചത്. പിന്നെ ആളിന്റെ പാട്ടുകളുടെ ഘടന വ്യത്യസ്തമാണ്. ഒരു ഹുക്ക്, പിന്നെയൊരു വേർസ്, വീണ്ടുമൊരു ഹുക്ക്, വേർസ്, ബ്രിഡ്ജ്- ഇങ്ങനെയൊരു ഘടനയിലാണ് ഹിപ്പ്ഹോപ്പ് പാട്ടുകൾ ചെയ്തിരിക്കുന്നത്. ' മുസ്റ്റാഷ് "കഴിഞ്ഞ് ഷൈൻ ടോം ചാക്കോയുടെ 'ഗ്യാങ് ബി" എന്ന മ്യൂസിക് വീഡിയോയിൽ മൂസിക്കും റാപ്പും ഞങ്ങൾ ചെയ്യുന്നുണ്ട്.
ഇതാണ് കരിയറിലെ ഏറ്റവും മികച്ച സമയമെന്ന് കരുതുന്നുണ്ടോ? ഇതൊരു തുടക്കം മാത്രം എന്നു കരുതുന്നു. റാപ്പ് ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി. അതിന് മുൻപ് നാല് വർഷം ബംഗളൂരുവിൽ കോർപ്പറേറ്റ് ജോലി . ഇരുപത്തിയാറാം വയസിലാണ് തോന്നിയത് ഇപ്പോഴല്ലെങ്കിൽ പിന്നെയില്ലെന്ന്. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് സംഗീതത്തിന്റെ പിറകെ ഇറങ്ങിയത്. വീട്ടുകാരുടെയെല്ലാം സമ്മതം ഉണ്ടായിരുന്നു. ഇരുപത്തിയാറാം വയസിലെ അവസ്ഥയും ഇപ്പോഴത്തെ സാഹചര്യവും നോക്കുമ്പോൾ തീർച്ചയായും വലിയ ഒരു വളർച്ച തന്നെയാണ് ഉണ്ടായതെന്ന് പറയാം. എന്നാൽ ഇപ്പോഴാണ് മുഖ്യധാരയിലേക്ക് എത്തിയത്. ഇത്രയും നാൾ സ്വതന്ത്രമായാണ് പാട്ടുകൾ ചെയ്തത്. ഇതും ഒരു തുടക്കം ആണെന്ന് തന്നെ കരുതുന്നു. ഇനിയും കുറെ ദൂരം പോകണം, കുറെ കാര്യങ്ങൾ ചെയ്യണം, കുറെ പാട്ടുകൾ ഇനിയും ചെയ്യാനുണ്ട്. ഇപ്പോൾ കുറെ സിനിമകൾ വന്നിട്ടുണ്ട്. അതെല്ലാം റിലീസ് ചെയ്യാൻ കാത്തിരിക്കുന്നു.
എഴുതി പാടുമ്പോൾ സന്തോഷം കൂടുതൽ ലഭിക്കാറുണ്ടോ? നമ്മുടെ റാപ്പ് നമ്മൾ എഴുതണം എന്നതാണ് ഒരു അലിഖിത നിയമം എന്ന് വേണമെങ്കിൽ പറയാം. സ്വന്തമായി വരികൾ എഴുതുക എന്നത് റാപ്പറിന്റെ കഴിവിന്റെ ഭാഗമാണ്. ചില സിനിമകളിൽ പിന്നണി ഗായകരെ പോലെ അവർ തന്നെ വരികൾ എഴുതിയശേഷം റാപ്പർമാരെ വിളിക്കാറുണ്ട്. ഞാനും ഒരു സിനിമക്ക് വേണ്ടി അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ എഴുതി പാടുന്ന സംതൃപ്തി ലഭിക്കാറില്ല. നമ്മുടെ റാപ്പ് എന്ന് പറയുമ്പോൾ ഈ വരികളെ എങ്ങനെ ഒഴുക്കിൽ കൊണ്ട് പോകാൻ പറ്റും ,എങ്ങനെ അതിനെ ഒരു ബീറ്റിന് അകത്ത് ഉൾപെടുത്താൻ പറ്റും, വരികൾ കേൾക്കാൻ എങ്ങനെ രസമാക്കാൻ കഴിയും എന്നിങ്ങനെ കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമായി എഴുതി ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ ഒരാൾ എഴുതുന്ന പാട്ട് തരാറില്ല. കവർ റാപ്പർ എന്നൊരു സംഭവമില്ല, എല്ലാവരും സ്വന്തമായി എഴുതി ചെയ്യണം, അതാണ് അതിന്റെ ഭംഗിയും.
സ്ട്രീറ്റ് അക്കാദമിക്സ് ബാൻഡിലെ പാട്ടുകളെല്ലാം സാധാരണക്കാർക്ക് മനസിലാകുന്ന വിധമാണല്ലേ ? കുറച്ച് സാധാരണക്കാർ ഒന്നിച്ചു തുടങ്ങിയ ബാൻഡ് ആയതുകൊണ്ട് ആയിരിക്കാം പാട്ടുകളുടെ വരികളും എല്ലാവർക്കും മനസിലാകുന്നതായത്. പിന്നെ അത് ബോധപൂർവമായ പരിശ്രമം കൂടെയാണ്. പാട്ടിൽ റാപ് മാത്രമല്ല, മെലഡി കൂടെ ഉൾപ്പെടുന്നുണ്ട്. വേറെ ജോണർ സംഗീതമെല്ലാം കൂട്ടിച്ചേർക്കാൻ കഴിയും എന്നതാണ് ഹിപ്പ്ഹോപ്പിന്റെ പ്രത്യേകത. ഓരോരുത്തരുടെയും വ്യക്തിപരമായ ആവിഷ്കരമാണ് ഹിപ്ഹോപ്പ് എന്നുവേണമെങ്കിൽ പറയാം. ആർജെവി ഏർണെസ്റ്റോ ,ദ മാപ്പിള എന്നിവരൊക്ക ചേർന്നാണ് സ്ട്രീറ്റ് അക്കാദമിക്സ് തുടങ്ങുന്നത്. ഞാൻ അവസാനം ആണ് ചേരുന്നത്. ഹിപ്പ്ഹോപ്പിൽ ഓൾഡ്സ്കൂൾ സൗണ്ടും ന്യൂ സ്കൂൾ സൗണ്ടുമുണ്ട്. ഞാൻ ന്യൂ സ്കൂളാണ് . ഈ രണ്ടും ചേർന്ന മിശ്രണമാണ് പുതിയ തലമുറയിലേക്കും നമ്മുടെ പാട്ടുകൾ എത്തിക്കാൻ സഹായിക്കുന്നത്.
റൈഫിൾ ക്ളബിലെ 'കില്ലർ ഓൺ ദ ലൂസ്' എങ്ങനെയാണ് പ്രത്യേകത നിറഞ്ഞതാകുന്നത് ? കരിയറിൽ ഒരു മാറ്റം ഉണ്ടാക്കിയതും വഴിത്തിരിവ് ആയതും മുഖ്യധാരയിൽ എത്തിപ്പെടാനും സഹായിച്ച പാട്ടാണിത്. അതുപോലെ ഹനുമാൻകൈൻഡ് വരുമ്പോൾ ആ വീഡയോയിൽ ഉണ്ടായതും ഒരു പ്രത്യേകതയാണ്. മൈക്കൽ ജാക്സന്റെയും എമിനത്തിന്റെയും പാട്ടുകൾ കേട്ടുനടക്കുന്ന സമയത്താണ് സ്വതന്ത്ര ബാന്റായ അവിയലിനെ ശ്രദ്ധിക്കുന്നത്. അവിയലിലെ ഒരാളാണ് റെക്സ് വിജയ് . ഇൻഡിഗാഗ മ്യൂസിക് ഫെസ്റ്റിൽ അവിയലിന്റെ കൂടെ പ്രവർത്തിക്കാനും കഴിഞ്ഞു. ഇവരുടെ കൂടെ മുഖ്യധാരയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആസമയത്ത് ആണ് ആഷിഖ് ഏട്ടൻ ( ആഷിഖ് അബു) വിളിക്കുന്നത്. റെക്സ് ഏട്ടൻ ഇതുവരെ റാപ് - ഹിപ് ഹോപ്പ് പാട്ടിന് സംഗീതം ചെയ്തിട്ടില്ല. ഇംഗ്ലീഷ് പാട്ട് എന്ന നിലയിലും ആളുകൾക്ക് അത് ഇഷ്ടപ്പെട്ടു, അത് ഹിറ്റായി. എന്നെ വിശ്വസിച്ച് വിളിച്ചതിന് രണ്ടുപേരോടും ഒരുപാട് നന്ദി.