സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
Saturday 16 August 2025 2:28 PM IST
മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം അരീക്കോട് ആണ് സംഭവം. കേരള മുസ്ളീം ജമാഅത്ത് ക്രെസന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്നലെ നടന്ന പരിപാടിയിൽ ചിക്കൻ സാൻഡ്‌വിച്ച് കഴിച്ചവർക്കാണ് രോഗബാധയേറ്റത്. 35 പേർ അരീക്കോട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കൂടുതൽപ്പേർക്കും ഇന്ന് രാവിലെയോടെയാണ് ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.