വിമാനം കയറാൻ കൊച്ചിയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനി എല്ലാം വേഗത്തിൽ
നെടുമ്പാശേരി: വിദേശയാത്രക്കാർക്ക് ക്യൂ ഇല്ലാതെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നാമത്തെ കിയോസ്ക് തുറന്നു. ബ്യൂറോ ഒഫ് എമ്മിഗ്രേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഫാസ്റ്റ് ട്രാക്ക് എമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ (എഫ്.ടി.ഐ ടി.ടി.പി)പുതിയ 'കിയോസ്ക്' എയർപോർട്ട് ഡയറക്ടർ ജി. മനുവും ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് മേധാവി കൃഷ്ണരാജും ചേർന്ന് ഉദ്ഘാടനം ചെയ്തു. എമിറേറ്റ്സ് വിമാനത്തിൽ നോർവയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം പി.ടി.പി നഗർ സ്വദേശി നീൽ മാത്യുവിന്റെ നാലംഗ കുടുംബമാണ് 'കിയോസ്ക്' സേവനങ്ങൾ ആദ്യം ഉപയോഗപ്പെടുത്തിയത്.
ഫാസ്റ്റ് ട്രാക്ക് എമ്മിഗ്രേഷൻ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ നൽകാനും ഇതിലൂടെ സാദ്ധ്യമാകും. ഒരുതവണ രജിസ്റ്റർ ചെയ്തവർക്ക് ഏത് വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾ വഴി 20 സെക്കൻഡിനുള്ളിൽ എമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. പദ്ധതിയിൽ ചേരുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴി ആവശ്യമായ രേഖകൾ സമർപ്പിക്കണം.