എച്ച്.എം.ടിയ്ക്ക് 1.39 കോടി നഷ്ടം: കരാറുകാർക്കെതിരെ കേസ്
ഓർഡർ ചെയ്ത സാമഗ്രികൾ എത്തും മുമ്പേ പണം നൽകി,
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കളമശേരി എച്ച്.എം.ടിക്ക് സാമഗ്രികൾ സപ്ളൈ ചെയ്യാമെന്ന് പറഞ്ഞ് 63.65 ലക്ഷം രൂപ തട്ടിച്ച സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തു. ടെക്നിക്കൽ ജനറൽ മാനേജർ മോഹൻ കുമാറിന്റെ പരാതിയിലാണ് നടപടി. മുംബൈ അർഹം മെറ്റൽസ്, റമീല പ്രകാശ്, നിർമിത് പി. ഷാ, മണിഭദ്ര എക്സ്പോർട്ട്സ്, രാകേഷ് മഫ്താൾ ഷാ എന്നിവരാണ് പ്രതികൾ.
മെറ്റീരിയൽ എത്തും മുൻപേ എച്ച്.എം.ടി പണം നൽകിയതും ദുരൂഹമാണ്. ഇടപാടിലെ പാകപ്പിഴകളും ഉയർന്ന ഉദ്യോഗസ്ഥരുടെ നടപടികളും അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മൂന്നുമാസമായി ശമ്പളം മുടങ്ങി പ്രതിസന്ധിയുടെ നടുക്കടലിലാണ് കമ്പനി.
ബംഗളൂരു ബി.ഇ.എല്ലിന് എച്ച്.എം.ടി നിർമ്മിക്കുന്ന ഉപകരണത്തിനായി അലുമിനിയം സിലിക്കോൺ ബ്രോൺസ്
വാങ്ങാനായിരുന്നു 51.89 ലക്ഷം രൂപയ്ക്ക് കരാർ. കഴിഞ്ഞ ജനുവരി 24ന് മുൻകൂറായി എട്ടുലക്ഷം രൂപയും കോമ്പൻസേഷനായി ഏപ്രിൽ 10 ന് 12 ലക്ഷം രൂപയും ജി.എസ്.ടി ആയി 2.16 ലക്ഷം രൂപയും ഉൾപ്പെടെ 63.65 ലക്ഷം രൂപ കൈപ്പറ്റി. പക്ഷേ സാമഗ്രികൾ നൽകിയില്ല. ഇതുമൂലം എച്ച്.എം.ടിക്ക് 1.39 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു.