പൂത്തുലഞ്ഞ് പൂപ്പാടങ്ങൾ: ഗുണ്ടൽപ്പേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ഹരി ദൃശ്യ
എടക്കര: ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കേരളത്തിന്റെ പൂക്കൂടയായ ഗുണ്ടൽപേട്ട് ഗ്രാമങ്ങൾ പൂത്തുലഞ്ഞുനിൽക്കുകയാണ്. നോക്കെത്താദൂരത്തോളം പൂവസന്തം തീർക്കുന്ന ഗുണ്ടൽപ്പേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സൂര്യകാന്തി തിളക്കവും ഒപ്പം അഴകണിഞ്ഞ് ചെണ്ടുമല്ലിയും. ഇവിടെ വഴിയോരകാഴ്ചകൾ പോലും പൂക്കളാൽ സമൃദ്ധമാണ്. ബേരമ്പാടിയിൽ നിന്നു തുടങ്ങി ഗോപാൽപ്പേട്ട് മലയുടെ താഴ്വര വരെയും പൂപ്പാടങ്ങളാണ്. പാടങ്ങളുടെ നടുവിലായി കൂണുകൾ പോലെ കാവൽമാടങ്ങൾ. പിച്ചിപ്പൂവും ചെണ്ടുമല്ലിയും സൂര്യകാന്തിപ്പൂക്കളുമെല്ലാം മൊട്ടിട്ടും പൂത്തുലഞ്ഞും നിൽക്കുന്നു. കണ്ണെത്താ ദൂരത്തിൽ കിടക്കുന്ന പൂന്തോട്ടങ്ങളിൽ കർഷകർ കഠിനാദ്ധ്വാനത്തിലാണ്. ഓണപൂക്കളമിടണമെങ്കിൽ പൂക്കൾ അതിർത്തി കടന്നു തന്നെ വരണം. ഓണം മുന്നിൽ കണ്ട് ഗുണ്ടൽ പേട്ടിലെ ഗ്രാമങ്ങൾ ജൂൺ മുതൽ ആഗസ്റ്റ് വരെ കൂടുതൽ പൂക്കളാൽ സമൃദ്ധമാകുന്നു. ഓണക്കാലത്ത് ചെണ്ടുമല്ലി, അരളി, റോസ്, വാടാമല്ലി എന്നിവയും നിറങ്ങളുടെ വസന്തം വിരിയിക്കുന്നു. മൈസൂരിലേക്കുള്ള വഴിയിൽ ദേശീയപാത 766ൽ ഗുണ്ടൽപേട്ട് മധൂർ റോഡ് മുതലാണ് ആരെയും ആകർഷിക്കുന്ന തരത്തിൽ സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിയും നിറഞ്ഞു നിൽക്കുന്നത്. എത്ര തിരക്കിട്ട് പോയാലും ഒരു നിമിഷം ഇവിടെ വണ്ടിയൊന്നു നിർത്തും. പൂപ്പാടങ്ങളുടെ ചിത്രം പകർത്താനും സെൽഫി എടുക്കാനും സഞ്ചാരികളുടെ തിരക്കാണിപ്പോൾ. സന്ദർശകരായി മലയാളികളാണധികവും.
ഓണക്കാല വിപണി ലക്ഷ്യം
കേരളത്തിലെ ഓണക്കാല വിപണി ലക്ഷ്യമിട്ടു വാടാമല്ലിയും ഗുണ്ടൽപേട്ടിൽ കൃഷി ചെയ്തുവരുന്നുണ്ട്. പൂക്കളെല്ലാം വളർന്നു വിളവെടുക്കാൻ പാകപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂവും ഓണവിപണിക്ക് മാത്രമായി ചില പാടങ്ങളിൽ കൃഷി ചെയ്തുവരുന്നുണ്ട്. സൂര്യകാന്തി സസ്യഎണ്ണകൾക്കായാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ചെണ്ടുമല്ലി പൂക്കൾ പ്രധാനമായും പെയിന്റ് നിർമാണത്തിനാണ്.പൂകൃഷിക്കുള്ള വിത്തും വളവും കൃഷിചിലവുമെല്ലാം നേരത്തെ തന്നെ ചില പെയിന്റ് കമ്പനികൾ നൽകി വരാറുണ്ട്. പൂക്കളുടെ വിത്തുകൾ കർണാടകയിലെ ഒട്ടുമിക്ക കമ്പോളങ്ങളിലും സുലഭമാണ്. ഒരേക്കറിന് 250 ഗ്രാമോളം വിത്തുകളാണ് വേണ്ടതെന്ന് കർഷകർ പറയുന്നു. സാധാരണ കിലോയ്ക്ക് 10 മുതൽ 30 രൂപയാണ് വില. വാടാമല്ലിക്ക് 100 വരെ കിട്ടും. ഒരേക്കറിൽ നിന്ന് ഒന്നര ടൺവരെ പൂക്കൾ ലഭിക്കും. ഓണമാകുന്നതോടെ കേരളത്തിലെത്തുന്ന പൂക്കൾക്ക് വില ഇരട്ടിയാവും.