മെസിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് മന്ത്രി; സ്പെയിനിൽ  പോയതിനും   വിശദീകരണം

Saturday 16 August 2025 6:30 PM IST

തിരുവനന്തപുരം: അർജന്റീന ടീമും സൂപ്പർതാരം ലയണൽ മെസിയും നവംബറിൽ കേരളത്തിൽ എത്തുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെന്നും അത് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ അറിവോടെയല്ലെന്നും മന്ത്രി പറഞ്ഞു.

'അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നവംബർ മാസത്തിൽ കേരളത്തിൽ വരുമെന്നാണ് സർക്കാരിനെ അറിയിച്ചത്. അർജന്റീന ടീമിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. ആദ്യത്തെ സ്‌പോൺസർ മാറിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്‌പോൺസറോടും നവംബറിൽ വരുമെന്നാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുള്ളത്. ഞാൻ സ്പെയിനിൽ പോയത് അർജന്റീന ഫുട്ബോൾ ടീമിനെ കാണാൻ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്രേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോർട്സ് കൗൺസിലുമായി ചർച്ചയ്ക്കാണ്'- മന്ത്രി വ്യക്തമാക്കി.

ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. അഹമ്മദാബാദ്, മുംബയ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനാണിത്. ഇന്ത്യൻ സന്ദർശനത്തിന് മെസിയുടെ മാനേജർമാരുടെ അന്തിമ അനുമതി ലഭിച്ചതായി ചടങ്ങുകളുടെ പ്രൊമോട്ടർ ശതാദ്രു ദത്ത അറിയിച്ചിരുന്നു.

ഡിസംബർ 12ന് രാത്രി മെസി കൊൽക്കത്തയിലെത്തും. 13ന് അഹമ്മദാബാദിലും 14ന് മുംബയിലും 15ന് ഡൽഹിയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, ധോണി, വിരാട് കൊഹ്‌ലി, ശുഭ്മാൻ ഗിൽ, ടെന്നീസ് താരം ലിയാൻഡർ പെയ്സ് തുടങ്ങിയവരുമായി കൂടിക്കാഴ്ചയും നടന്നേക്കും.