രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ ഡോക്ടർ ലൈവാണ്, ആശുപത്രി ഹൈടെക്കാണ്

Sunday 17 August 2025 12:00 AM IST

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ പരിമിതികൾ സാധാരണമാണ്. സാമ്പത്തിക പ്രതിസന്ധിയും നടപടിക്രമങ്ങളിലെ നൂലാലമാലകളും കാത്തുനിൽക്കാതെ സ്വന്തമായി എന്ത് ചെയ്യാനാകുമെന്ന് ചിന്തിയ്ക്കുന്ന ഒരു ഡോക്ടറുണ്ട് തലസ്ഥാനത്ത്. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ ആർ.എം.ഒ ഡോ.അനിൽ രാധാകൃഷ്ണൻ. ഡോക്ടറുടെ ഈ ചിന്തയാൽ ആശുപത്രി പരാധീനതകൾ മാറി ഹൈട്ടെക്കായി. കാഷ്വാലിറ്റിയിൽ നിന്ന് രോഗികൾക്ക് വാർഡിലേക്ക് ഉൾപ്പെടെ പോകാൻ ബാറ്ററി വാഹനം(ബഗ്ഗി), ഗുരുതരാസ്ഥയിൽ കാഷ്വാലിറ്റിയിലെത്തുന്നവർക്ക് സ്കാനിംഗ് നടത്തുന്ന എമർജൻസി അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ എന്നിങ്ങനെ നീളുകയാണ് സ്വകാര്യ ആശുപത്രിയ്ക്ക് സമാനമായി ഡോ.അനിൽ പേരൂർക്കടയിൽ ഒരുക്കിയ സൗകര്യങ്ങൾ. രണ്ടുവർഷത്തിനിടെ 23ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് തന്റെ സുഹൃത്തിന്റെ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ആശുപത്രിയ്ക്ക് ലഭ്യമാക്കി പേരൂർക്കട ആശുപത്രിയിൽ സജ്ജമാക്കിയത്.രണ്ടുവർഷവും തുടർച്ചയായി ആശുപത്രി അധികൃതർ ആവശ്യപ്പെടുന്ന ഉപകരണങ്ങൾ വാങ്ങി നൽകി. വരും വർഷങ്ങളിലും ഇത് തുടരാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സർക്കാർ രോഗികൾക്കായി വലിയ തോതിൽ സൗകര്യങ്ങളൊരുക്കുമ്പോൾ അതിനിടയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഇത്തരമൊരു ഇടപെടലിന് പിന്നിലെന്ന് ഡോ.അനിൽ രാധാകൃഷ്ണൻ പറഞ്ഞു. കവടിയാർ സ്വദേശിയായ അനിൽ രാധാകൃഷ്ണൻ 15വർഷമായി സർക്കാർ സർവീസിലുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അഡീ.ആർ.എം.ഒ ആയിരിക്കെ അമ്മയുടെ സ്‌മരണാർത്ഥം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

ശ്വാസതടസവുമായി എത്തുന്ന രോഗികൾക്ക് കുത്തിവെയ്പ്പും നെബുലൈസേഷനും നൽകിയിട്ടും മാറിയില്ലെങ്കിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് വഴി. എന്നാൽ അവിടേക്ക് എത്തുന്നത് വരെയുള്ള സമയം നിർണായകമാണ്. ആ സമയത്തിനുള്ളിൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള

ബൈപാബ് ഇവിടെയുണ്ട്. ശ്വാസകോശത്തിലേക്ക് മാസ്‌ക് ഉപയോഗിച്ച് ഉയർന്ന മർദ്ദത്തിൽ വായു ഇതിലൂടെ നൽകാം.ചെവിക്കുള്ളിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഓട്ടോസ്‌കോപ്പ്, ഞരമ്പ് കണ്ടെത്താൻ വെയിൻ ഫൈൻഡർ, അന്നനാളത്തിലൂടെ ട്യൂബ് ഇടുമ്പോൾ ദൃശ്യം കാണാൻ സഹായിക്കുന്ന വീഡിയോ ലാറിൻജിയോ സ്‌കോപ്പ്, അന്തരീക്ഷ വായുവിൽ നിന്ന് ഓക്‌സിജൻ വേർതിരിച്ച് രോഗികൾക്ക് നൽകുന്ന ഓക്‌സിജൻ കോൺസൻട്രേറ്റർ തുടങ്ങിയ സംവിധാനങ്ങളെല്ലാം രണ്ടു വർഷത്തിനിടെ ‌ഡോ.അനിൽ പേരൂർക്കട ആശുപത്രിയിലൊരുക്കി.ദിവസേന ശരാശരി 1600രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. 350പേർക്ക് കിടത്തി ചികിത്സാസൗകര്യമുണ്ട്.എല്ലാക്കാര്യങ്ങൾക്കും ആരോഗ്യവകുപ്പിന്റെ പൂർണ പിന്തുണയുണ്ടെന്ന്

ഡോ.അനിൽ രാധാകൃഷ്ണൻ പറയുന്നു.