പ്രൊഫ. എ.വി. താമരാക്ഷനെ ജെ.എസ്.എസ് പുറത്താക്കി
കൊച്ചി: സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി. താമരാക്ഷനെ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) പുറത്താക്കി. ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിക്ക് വിധേയരായി സസ്‌പെൻഷനിലായിരുന്ന പാർട്ടി സെന്റർ അംഗങ്ങളായ വിനോദ് വയനാട്, കെ.പി. സുരേന്ദ്രൻ കുട്ടനാട്, സംസ്ഥാന സെക്രട്ടറിമാരായ ബാലരാമപുരം സുരേന്ദ്രൻ, മലയൻകീഴ് നന്ദകുമാർ എന്നിവരെയും പുറത്താക്കി. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകിയതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു വാർത്താസമ്മേളത്തിൽ അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്‌പെൻഷനിലായിരുന്ന നാല് ഭാരവാഹികൾക്ക് ജനറൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നടപടിയെ താമരാക്ഷന്റെ അദ്ധ്യക്ഷതയിൽ കൂടിയ പാർട്ടി സെന്ററും അംഗീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഡ്വ.എ.എൻ. രാജൻ ബാബുവിനെ ചുമതലകളിൽ നിന്ന് മാറ്റിനിറുത്തിയതായി കാണിച്ച് പ്രൊഫ.എ.വി. താമരാക്ഷൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ.എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് കാട്ടുകുളം സലിം, സെന്റർ അംഗം ദാസൻ പാരിപ്പിള്ളി (കണ്ണൂർ), അഡ്വ.കെ.വി. ഭാസി, വൈസ് പ്രസിഡന്റ് ജയൻ ഇടുക്കി, അഡ്വ.കെ.വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. 93 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 68 പേർ പങ്കെടുത്തു. 9 പേർ അവധി അപേക്ഷ നൽകിയിരുന്നതായും ജനറൽ സെക്രട്ടറി അറിയിച്ചു.