ക്ഷീരകർഷകർ ഇന്ന് വഞ്ചനാദിനമായി ആചരിക്കും
കൊച്ചി: കർഷകദിനമായ ചിങ്ങപ്പുലരി വഞ്ചനാദിനമായി ആചരിക്കാൻ ക്ഷീരകർഷകർ. പാലിന് സംഭരണ വില 70 രൂപ ആക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ ഇതിൽ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ചിങ്ങം ഒന്ന് വഞ്ചനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ എല്ലാ ക്ഷീരസംഘങ്ങളിലും രാവിലെ ക്ഷീരകർഷകരുടെ യോഗവും പ്രതിഷേധപ്രകടനവും നടത്തുമെന്ന് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിലാണ്. എന്നാൽ സൊസൈറ്റിയിൽ നിന്ന് പാലിന് വെറും 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതിനാൽ വലിയ ക്ഷീര കർഷകർ മേഖലയിൽ നിന്ന് കൊഴിഞ്ഞു പോകുകയാണ്. പാൽ സംഭരണം കുറഞ്ഞതുമൂലം നിരവധി ക്ഷീര സംഘങ്ങൾ പൂട്ടിയെന്നും പലതും പൂട്ടലിന്റെ വക്കിലാണെന്നും കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.