പഠനശുപാർശ വെള്ളത്തിൽ വരച്ച വര, രാസപരിശോധന ലാബുകൾ വികസനമുരടിപ്പിൽ
ആലപ്പുഴ: കുറ്റാന്വേഷണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന കെമിക്കൽ എക്സാമിനേഷൻ ലാബുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സമർപ്പിച്ച പഠന ശുപാർശകൾ വെളിച്ചം കണ്ടില്ല. കെട്ടിക്കിടക്കുന്ന സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കാനും പ്രവർത്തനം കാര്യക്ഷമാക്കാനും സമർപ്പിച്ച റിപ്പോർട്ടാണ് ഫയലിലുറങ്ങുന്നത്. കെമിക്കൽ, ഫോറൻസിക് പരിശോധനകളും പ്രവർത്തനവും കുറ്റമറ്റതാക്കാൻ ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് എന്ന പ്രത്യേകവകുപ്പ് വേണമെന്നതടക്കം സുപ്രധാന നിർദ്ദേശങ്ങളാണ് സമർപ്പിച്ചിരുന്നത്.
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി ആഭ്യന്തര വകുപ്പിന് കീഴിൽ സ്വതന്ത്ര സ്ഥാപനമായും ഫോറൻസിക് സയൻസ് ലബോറട്ടറി പൊലീസ് വകുപ്പിന്റെ അനുബന്ധ സ്ഥാപനവുമായാണ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ പരിശോധനകളിലൂടെ കുറ്റാന്വേഷണത്തെയും വിചാരണയെയും സഹായിക്കുന്ന വിദഗ്ദ്ധാഭിപ്രായം നൽകുകയാണ് ഇരുവിഭാഗങ്ങളും ചെയ്യുന്നത്. ഇരുവിഭാഗങ്ങളെയും സ്റ്റേറ്റ് ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് എന്ന ഡയറക്ടറേറ്റ് രൂപീകരിച്ച്, അതിനു കീഴിൽ കൊണ്ടുവരണമെന്നതായിരുന്നു അഡിഷണൽ ചീഫ് സെക്രട്ടറി അംഗീകരിച്ച ശുപാർശ. എന്നാൽ, ഇതുവരെ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 60,000ലധികം സാമ്പിളുകളാണ് സംസ്ഥാനത്തെ ലാബുകളിൽ കെട്ടിക്കിടക്കുന്നത്.
നൂറോളം നിർദ്ദേശങ്ങൾ
ലബോറട്ടറികളുടെ നവീകരണത്തിനും വികസനത്തിനും കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണമെന്നതടക്കം നൂറോളം സുപ്രധാന നിർദ്ദേശങ്ങളാണ് അവഗണിക്കപ്പെട്ടത്. പ്രമാദമായ കേസുകളുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് സുരക്ഷാ സംവിധാനം തീരെ അപര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. തീപിടിത്തം പോലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഫയർ സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കാനും ജീവനക്കാർക്ക് ആരോഗ്യ സംരക്ഷണോപാധി, പരിശീലനം എന്നിവ നൽകാനുള്ള ശുപാർശയും നടപ്പായില്ല. പരിശോധനകൾക്കുള്ള ഹൈഡ്രജൻ, ഹീലിയം, നൈട്രജൻ വാതകസിലിണ്ടറുകൾ ലബോറട്ടറിക്ക് പുറത്ത് സ്ഥാപിച്ച് ഗ്യാസ് പൈപ്പ് മുഖേന എത്തിക്കണമെന്നും ആധുനിക പരിശോധനാരീതികളും ഉപകരണങ്ങളും പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശവും നടന്നില്ല.
........................
റിപ്പോർട്ടിൽ തുടർനടപടികൾ കൈക്കൊള്ളേണ്ടത് സർക്കാരാണ്.
-ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്,
തിരുവനന്തപുരം