വാട്ടർതീം പാർക്ക് നവീകരി​ച്ചു, ചന്തം വീണ്ടെടുത്ത് ചന്തത്തോട്

Sunday 17 August 2025 12:05 AM IST

തിരുവല്ല : വർഷങ്ങളായി നാശോന്മുഖമായി അനാഥാവസ്ഥയിലായിരുന്ന ചന്തത്തോട് വാട്ടർ തീം പാർക്ക് നവീകരിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ 50ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടർതീം പാർക്ക് നവീകരിച്ചത്. ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലാണ് 2001ൽ പാർക്ക് പണിതത്. പണ്ടുകാലത്ത് തിരുവല്ല ചന്തയിലേക്ക് കെട്ടുവള്ളങ്ങളും മറ്റും എത്തിയിരുന്ന കടവാണിത്. പിന്നീട് ജലഗതാഗതം നിലച്ചതോടെ തോട് പായലും പോളയും നിറഞ്ഞ് മലിനമായി. ഇടയ്ക്ക് നഗരസഭ തോട്ടിലെ പായലും പോളയും നീക്കംചെയ്‌തെങ്കിലും വീണ്ടും പഴയസ്ഥിതിയിലായി. ഡി.ടി.പി.സി ചന്തത്തോടിന്റെ തുടക്കത്തിൽ വിശ്രമകേന്ദ്രം നിർമ്മിക്കുകയും ജലവിനോദത്തിനായി പെഡൽ ബോട്ടുകൾ ഇറക്കുകയും ചെയ്തു. കെട്ടിടത്തിൽ രണ്ട് മുറികളും നാല് ശൗചാലയവും ടിക്കറ്റ് കൗണ്ടറും പൂന്തോട്ടവുമൊക്കെ ഉണ്ടായിരുന്നു. കുറച്ചുകാലം നന്നായി പ്രവർത്തിച്ചെങ്കിലും പിന്നീട് ഇവയൊന്നും ഉപയോഗിക്കാതെ നാശാവസ്ഥയിലായി. അമൃത് പദ്ധതിയിൽ കെട്ടിടം മുഴുവനും വൃത്തിയാക്കി പെയിന്റിംഗ് ചെയ്തു. തകർന്ന സാധനങ്ങൾ മാറ്റുകയും ചെയ്തിട്ടുണ്ട്. ചന്തത്തോടിന്റെ വശം 200മീറ്റർ ദൂരം രണ്ടരമീറ്റർ ഉയരത്തിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. തോട്ടിലെ പായലും പോളയും കുറെഭാഗത്തെ നീക്കിയിട്ടുണ്ട്.

പദ്ധതിയുണ്ടെങ്കിൽ പണം അനുവദിക്കും : എം.പി​ തിരുവല്ല: നഗരസഭകളിലെ ജലഭദ്രത ഉറപ്പാക്കാനുള്ള പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചാൽ കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ തുക അനുവദിപ്പിക്കാമെന്ന് നവീകരിച്ച ചന്തത്തോട് വാട്ടർ തീംപാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ആന്റേ ആന്റണി എം.പി പറഞ്ഞു. നഗരസഭാദ്ധ്യക്ഷ അനുജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ, വാർഡ് കൗൺസിലർ ഷീലാവർഗ്ഗീസ്, നഗരസഭാംഗങ്ങളായ ബിന്ദു ജയകുമാർ, ബിന്ദു ജേക്കബ്, ശോഭാവിനു, രാഹുൽബിജു, ഷീജ കരിമ്പിൻകാല, ശ്രീനിവാസ് പുറയാറ്റ്, ജോസ് പഴയിടം, മാത്യൂസ് ചാലക്കുഴി, സബിത സലീം, പൂജ ജയൻ, അമൃത്പദ്ധതി അർബൻ എക്‌സ്‌പർട്ട് ആദർശ് ദേവരാജ്, നഗരസഭ അസി.എഞ്ചിനീയർ സുനിൽകുമാർ, വർഗീസ് മാത്യു,ഫാ.ഷാജി ജേക്കബ് പുത്തൻപുരയ്ക്കൽ, തോമസ് കോശി, പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

നവീകരണം അമൃത് പദ്ധതി​യി​ൽ,

പദ്ധതി​ ചെലവ് : 50ലക്ഷം രൂപ

സംസ്ഥാന സർക്കാർ വെള്ളപ്പൊക്ക ദുരിതനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ വശത്ത് സംരക്ഷണഭിത്തി കെട്ടുന്നതിന് 10ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജലനിരപ്പ് താഴുമ്പോൾ ഇതിന്റെ പണികൾ തുടങ്ങും.

ഷീലാ വർഗീസ്, വാർഡ് കൗൺസിലർ