ഒന്നരമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 215 അബ്കാരി കേസ്
പാലക്കാട്: ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ പാലക്കാട് ജില്ലയിൽ 215 അബ്കാരി കേസുകളും 53 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പ്രിൻസ് ബാബു അറിയിച്ചു. 229 പ്രതികളെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്തവയിൽ 729.130 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 24 ലിറ്റർ ബിയർ, 53.5 ലിറ്റർ ചാരായം, 8559 ലിറ്റർ വാഷ്, 73.5 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യം, 10.5 ലിറ്റർ കള്ള് എന്നിവ ഉൾപ്പെടുന്നു. മയക്കുമരുന്ന് വിഭാഗത്തിൽ 53.005 കിലോഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടികൾ, 1181.356 ഗ്രാം ഹാഷിഷ് ഓയിൽ, 100.65 ഗ്രാം എം.ഡി.എം.എ, 125 മില്ലിഗ്രാം മെത്താഫിറ്റമിൻ, 11 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 771 കേസുകൾ രജിസ്റ്റർ ചെയ്തു. 198.726 കിലോഗ്രാം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ്
ഓണക്കാലം ലക്ഷ്യമിട്ട് അനധികൃത മദ്യം, മയക്കുമരുന്ന്, വ്യാജവാറ്റ് എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് ഊർജിതമാക്കി. ഡ്രൈവ് സെപ്തംബർ 10 വരെ നീണ്ടുനിൽക്കും. സംസ്ഥാന അതിർത്തികളിലൂടെയുള്ള ലഹരി, മദ്യക്കടത്ത് തടയുന്നതിനായി കെ.ഇ.എം.യു ബോർഡർ പട്രോളിംഗ് യൂണിറ്റിന്റെയും ദേശീയപാതകളിലെ ഹൈവേ പട്രോളിങ് യൂണിറ്റിന്റെയും പ്രവർത്തനം ശക്തമാക്കി. ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ, ആലത്തൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ ഓരോ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക പട്രോളിംഗ് സംഘങ്ങളും, മിന്നൽ സ്‌ക്വാഡും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ചിറ്റൂർ മേഖലയിലെ കള്ള് ചെത്ത് തോട്ടങ്ങളിൽ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെയും പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, പൊലീസ്, റെവന്യൂ, ഫോറസ്റ്റ് വകുപ്പുകളുമായി സഹകരിച്ച് എല്ലാ ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാർസൽ/കൊറിയർ സർവീസ് കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. ലൈസൻസുള്ള കള്ള് ഷാപ്പുകൾ, ഡിസ്റ്റിലറികൾ, ബ്രൂവറികൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ട്.
പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം
ജില്ലാതല കൺട്രോൾ റൂം ടോൾ ഫ്രീ: 155358 ഫോൺ: 04912505897 • ഒറ്റപ്പാലം: 04662244488, 9400069616 • മണ്ണാർക്കാട്: 04924225644, 9400069614 • പാലക്കാട്: 04912539260, 9400069430 • ചിറ്റൂർ: 04623222272, 9400069610 • ആലത്തൂർ: 04922222474, 9400069612 • എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്: 04912526277.